ബംഗളൂരു: ബംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. അഞ്ചുവയസുകാരന്റെ തലയ്ക്ക് മുറിവേറ്റു. കോട്ടയം കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അനൂപിന്റെ അഞ്ച് വയസുകാരനായ മകന് സ്റ്റീവിന്റെ തലയ്ക്കാണ് പരുക്കേറ്റു.
ചൂഢസാന്ദ്ര എന്ന സ്ഥലത്ത് വെച്ച് രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. ദീപാവലി ഷോപ്പിങിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനൂപും കുടുംബവും. താമസസ്ഥലത്തിന് ഏകദേശം രണ്ട് കീലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ രണ്ടുപേരടങ്ങുന്ന സംഘം തങ്ങളുടെ വാഹനത്തെ മറികടന്നു. ഇവര്‍ തൊട്ടുമുന്നില്‍ പോയ ബലേനോ കാറിനെ തടഞ്ഞുനിര്‍ത്തി വിന്‍ഡോ താഴ്ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാറിലുള്ളവര്‍ അതിന് തയ്യാറായില്ല. അക്രമികള്‍ കല്ലെടുക്കാന്‍ കുനിഞ്ഞപ്പോള്‍ കാര്‍ അതിവേഗം ഓടിച്ച് അവര്‍ രക്ഷപ്പെട്ടു. എന്നാല്‍ പെട്ടന്നുതന്നെ അവര്‍ പിന്നാലെ വന്ന തങ്ങളെ ലക്ഷ്യംവെക്കുകയായിരുന്നുവെന്ന് അനൂപ് പറഞ്ഞു.
ഇതോടെ, ഭാര്യയോട് വീഡിയോ പകര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും അനൂപ് പറഞ്ഞു. അക്രമികള്‍ ഡ്രൈവര്‍ സീറ്റിനരികിലെത്തി വിന്‍ഡോ താഴ്ത്താന്‍ ആവശ്യപ്പെട്ടു. കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതോടെ ആക്രമികളില്‍ ഒരാള്‍ കൈയിലുണ്ടായിരുന്ന കല്ല് ഗ്ലാസിലേക്ക് എറിഞ്ഞു. ഗ്ലാസ് പൊട്ടി മകന്റെ തലയില്‍ തറച്ചു മുറിവുണ്ടായി. മകന്റെ തലയ്ക്ക് മൂന്ന് സ്റ്റിച്ച് ഇടേണ്ടിവന്നുവെന്നും അനൂപ് പറഞ്ഞു. അനൂപും ഭാര്യ ജിസും മക്കളായ സെലസ്റ്റയും സ്റ്റീവുമായിരുന്നു വണ്ടിയിലുണ്ടായിരുന്നത്.
അനൂപിന്റെയും ഭാര്യയുടെയും പരാതിയില്‍ പരപ്പന അഗ്രഹാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രാത്രി തന്നെ പ്രതികളിലൊരാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.