‘അനീതി, മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം’; വഖഫ് ബില്ലിനെച്ചൊല്ലി പാർലമെന്റിൽ ബഹളം, പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ലോക്‌സഭയിൽ പ്രതിഷേധിച്ചു. സംസ്ഥാന വഖഫ് ബോർഡുകളുടെ അധികാരങ്ങൾ, വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, സർവേ, കയ്യേറ്റം നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.

ക്ഷേത്രഭരണത്തിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോ എന്നു ചോദിച്ചായിരുന്നു ബില്ലിനെ എതിർക്കുന്ന ഇന്ത്യാ ബ്ലോക്ക് നേതാക്കൾ പ്രതിഷേധിച്ചത്. ഭരണഘടനയുടെ ശക്തമായ ലംഘനമാണു നടക്കുന്നതെന്നു കേരളത്തിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എൻ.കെ.പ്രേമചന്ദ്രനും പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും ഫെഡറൽ സംവിധാനത്തിനുമെതിരെയുള്ള ആക്രമണമാണെന്നു കെ.സി.വേണുഗോപാലും അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിൽ മുസ്‍ലിംകളെ ഉൾപ്പെടുത്താറുണ്ടോയെന്നും വേണുഗോപാൽ ചോദിച്ചു.

ബില്ലിനെ എതിർത്ത സമാജ്‍വാദി പാർട്ടിയും ശക്തമായ പ്രതിഷേധം അറിയിച്ചു. മുസ്‍ലിംകളോടുള്ള അനീതിയാണിതെന്നും വലിയൊരു തെറ്റാണു നടക്കാൻ പോകുന്നതെന്നും അതിന്റെ പരിണിതഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും സമാജ്‌വാദി പാർട്ടി പ്രസ്താവിച്ചു. ബിൽ മതസ്വാതന്ത്ര്യത്തിന് എതിരെന്നു തൃണമൂൽ കോൺഗ്രസും ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് ഡിഎംകെയും അറിയിച്ചു.

വഖഫ് ബോര്‍ഡുകളില്‍ 2 മുസ്‌ലിം ഇതര വിഭാഗക്കാരെയും 2 വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണു ബില്ലിൽ ഏറ്റവും പ്രധാനം. വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിനു നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകള്‍ വനിതകളെ സഹായിക്കാനാണെന്നുമാണു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 1923 ലെ മുസല്‍മാന്‍ വഖഫ് ആക്ട് പിന്‍വലിക്കാന്‍ മറ്റൊരു ബില്ലും അവതരിപ്പിക്കും.

More Stories from this section

family-dental
witywide