ന്യൂഡല്‍ഹി : ഈ വര്‍ഷമാദ്യം അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 43 പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരിച്ചറിഞ്ഞിട്ടുണ്ട്. ക്രൗഡ് സോഴ്സിംഗ് സമീപനം ഉപയോഗിച്ചാണ് എല്ലാ പ്രതികളെയും അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ഉത്തരവിനെത്തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ കേസ് എന്‍ഐഎ ഏറ്റെടുത്തിരുന്നു.
ഇന്ത്യയില്‍ ഇതുവരെ 50 റെയ്ഡുകള്‍ നടത്തിയതായും ആക്രമണവുമായി ബന്ധപ്പെട്ട് ഏകദേശം 80 വ്യക്തികളെ ചോദ്യം ചെയ്തതായും സ്രോതസ്സുകള്‍ വ്യക്തമാക്ക.
ഈ വര്‍ഷം മാര്‍ച്ച്, ജൂലൈ മാസങ്ങളിലാണ് ഇന്ത്യന്‍ എംബസികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. മാര്‍ച്ച് 19 ന് ലണ്ടനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ഖാലിസ്ഥാനി ഘടകങ്ങള്‍ ഒരു പ്രതിഷേധത്തിനിടെ രണ്ട് വ്യത്യസ്ത ആക്രമണങ്ങള്‍ നടത്തി. ജൂലൈ 2 ന് സാന്‍ ഫ്രാന്‍സിസ്‌കോയിലും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായി.
ക്രിമിനല്‍ അതിക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, എംബസി ജീവനക്കാരെ ദ്രോഹിക്കാന്‍ ശ്രമിച്ചത്, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ട് സംഭവങ്ങളും എന്‍ഐഎ അന്വേഷിക്കുന്നത്.
കൂടാതെ, ഈ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി, എന്‍ഐഎ സംഘം കഴിഞ്ഞ ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തിയിരുന്നു.
2023 മാര്‍ച്ചില്‍ കാനഡയിലും സാന്‍ഫ്രാന്‍സിസ്‌കോയിലും നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ജൂണില്‍, ലണ്ടനിലെ ഇന്ത്യന്‍ മിഷനുനേരെ നടന്ന ആക്രമണത്തിന്റെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലും എന്‍ഐഎ പുറത്തുവിടുകയും കുറ്റവാളികളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.
മാര്‍ച്ച് 19 ന് ഹൈക്കമ്മീഷന്‍ സമുച്ചയത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടെ ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ദേശീയ പതാക വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നാണ് അധികൃതരുടെ വാദം.