ട്രാക്കിൽ ഗ്യാസ് സിലിണ്ടർ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ലോക്കോ പൈലറ്റിന്റെ ‘ശ്രദ്ധ’യിൽ വൻ ദുരന്തം ഒഴിവായി

കാൺപുർ: റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർവെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. ഉത്തർപ്രദേശിലെ കാൺപുരിൽ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം. പ്രയാഗ്രാജ്-ഭിവാനി കാളിന്ദി എക്സ്പ്രസിന് നേർക്കാണ് പാളംതെറ്റിക്കാനുള്ള ശ്രമം നടന്നത്. എന്നാൽ ട്രാക്കിലെ ഗ്യാസ് സിലിണ്ടർ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

പ്രയാഗ്രാജിൽനിന്ന് ഹരിയാണയിലെ കളിന്ദിയിലേക്ക് പുറപ്പെട്ട ട്രെയിൻ കാൺപുരിലെ മുദേരി ഗ്രാമത്തിലെത്തിയപ്പോൾ പാളത്തിൽ ഒരു ഗ്യാസ് സിലിണ്ടർ ഇരിക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. ട്രെയിൻ, സിലിണ്ടറിൽ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സിലിണ്ടറിൽ തട്ടി അൽപസമയത്തിനു ശേഷം ട്രെയിൻ നിൽക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് ഇരുപത് മിനിറ്റോളം ട്രെയിൻ നിർത്തിയിടുകയും വിഷയം ലോക്കോ പൈലറ്റ് റെയിൽവേ പ്രൊട്ടക്ഷൻ പോലീസിനെ അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത സ്റ്റേഷനായ ബിൽഹോറിൽ നിർത്തിയ ശേഷം പ്രാഥമിക അന്വേഷണവും നടത്തി. സിലിണ്ടറിനെ കൂടാതെ ഒരു കുപ്പി പെട്രോൾ, തീപ്പെട്ടി, സംശയാസ്പദമായ മറ്റു ചില വസ്തുക്കൾ, ഒരു ബാഗ് എന്നിവ കൂടി ആർ.പി.എഫും ഉത്തർ പ്രദേശ് പോലീസും നടത്തിയ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide