ന്യൂഡല്‍ഹി: 2022-23ല്‍ ബിജെപിക്ക് 1092 കോടിയും, കോണ്‍ഗ്രസിന് 192 കോടിയും ചെലവായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ച് കോണ്‍ഗ്രസ് ചെലവാക്കിയ തുകയുടെ അഞ്ച് ഇരട്ടിയോളമാണ് ബിജെപിക്ക് ചിലവ് വന്നതെന്ന് വ്യക്തം. തിരഞ്ഞെടുപ്പു കമ്മിഷനു പാര്‍ട്ടികള്‍ നല്‍കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
ഇലക്ട്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപിക്ക് 1294.14 കോടി രൂപ സംഭാവന ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിനു കിട്ടിയതാകട്ടെ 171.01 കോടിയിലേക്ക് ഒതുങ്ങി. സംഭാവന ലഭിച്ച കാര്യത്തിലും കോണ്‍ഗ്രസിനെ ഏഴിരട്ടിയിലധികം പിന്തള്ളിയാണ് ബിജെപിയുടെ മുന്നേറ്റം.2022-23 ല്‍ ബിജെപിക്ക് ആകെ ലഭിച്ചത് 2360.84 കോടിയാണ്. മുന്‍വര്‍ഷം ഇത് 1917.12 കോടിയായിരുന്നു. അതില്‍ നിന്നും 443.72 കോടിയുടെ വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് 22-23 ല്‍ 452.37 കോടി രൂപയാണു ലഭിച്ചത്.
ബിജെപിയുടെ സംഭാവനകളില്‍ 54% ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണ്. അതേസമയം, തിരഞ്ഞെടുപ്പു പരസ്യങ്ങള്‍ക്കായി ബിജെപി 432.14 കോടി രൂപ ചെലവിട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കുമായി 78.22 കോടിയും, സ്ഥാനാര്‍ഥികള്‍ക്കായി 75.05 കോടിയും പാര്‍ട്ടി സമ്മേളനങ്ങള്‍ക്കാ യി 71.60 കോടി രൂപയും ചെലവിട്ടെന്നും ഓഡിറ്റിലുണ്ട്.