സംഭവ ബഹുലം ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് ദിനം, ഇന്ത്യ 150 ന് പുറത്ത്; തീപാറും പേസുമായി തകർപ്പൻ തിരിച്ചടി, കംഗാരുക്കൾ 67 ന് 7

പെര്‍ത്ത്: ഓസ്ട്രേലിയൻ മണ്ണിൽ ഇന്ന് തുടങ്ങിയ ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ പുതിയ സീസണിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനം സംഭവ ബഹുലം. ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിനു പുറത്തായ ഇന്ത്യ തീപാറും പേസുമായി തിരിച്ചടിക്കുന്ന കാഴ്ചയായിരുന്നു ആദ്യ ദിനത്തില്‍ പെര്‍ത്തില്‍ കണ്ടത്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയില്‍. ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ഓസീസിനു 83 റണ്‍സ് കൂടി വേണം. 3 വിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ആദ്യ ദിനത്തില്‍ ബൗളിങ് മികവില്‍ ഇന്ത്യ പിടിമുറുക്കി എന്ന് പറയാം.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിനെ ഇന്ത്യന്‍ പേസര്‍മാര്‍ കുരുക്കി. ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറ മുന്നില്‍ നിന്നു നയിച്ചു. നാല് വിക്കറ്റുകള്‍ വീഴ്ത്തി താത്കാലിക നായകന്‍ ബുംറ തിളങ്ങി. മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. കളി നിര്‍ത്തുമ്പോള്‍ 19 റണ്‍സുമായി അലക്‌സ് കാരിയും 6 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. കാരിയാണ് നിലവില്‍ ടീമിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ നതാന്‍ മക്‌സ്വീനിയാണ് ആദ്യം മടങ്ങിയത്. പിന്നാലെ ഉസ്മാന്‍ ഖവാജയും പുറത്തായി. മക്‌സ്വീനി 10 റണ്‍സും ഖവാജ 8 റണ്‍സുമെടുത്താണ് മടങ്ങിയത്. ഇരുവരേയും ബുംറയാണ് പുറത്താക്കിയത്. ഖവാജയ്ക്ക് പിന്നാലെ എത്തിയ സ്റ്റീവ് സ്മിത്ത് ഗോള്‍ഡന്‍ ഡക്കായി. സ്മിത്തിനെ ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി.പിന്നീടെത്തിയ ട്രാവിസ് ഹെഡിനെ ഹര്‍ഷിത് റാണയും മിച്ചല്‍ മാര്‍ഷിനെ മുഹമ്മദ് സിറാജും മടക്കി. ഹെഡ് 11 റണ്‍സും മാര്‍ഷ് 6 റണ്‍സുമാണ് നേടിയത്. മര്‍നസ് ലാബുഷെയ്ന്‍ 52 പന്തുകള്‍ ചെറുത്ത് നേടിയത് 2 റണ്‍സ്. താരത്തെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. പിന്നാലെ ഏഴാം വിക്കറ്റായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും കൂടാരം കയറി. മടക്കിയത് ബുംറ. താരം 3 റണ്‍സെടുത്തു. പിന്നീട് നഷ്ടമില്ലാതെ അലക്‌സ് കാരി- സ്റ്റാര്‍ക്ക് സഖ്യം ഒന്നാം ദിനം അവസാനിപ്പിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് പുറത്തായി. ഓസീസ് പേസ് നിരയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിര തകര്‍ന്നുവീഴുന്ന കാഴ്ചയാണ് ആദ്യ ദിനം കണ്ടത്. പേസര്‍ ഹെയ്സല്‍വുഡ് ആണ് കൂടുതല്‍ ആക്രമണകാരിയായത്. തുടക്കത്തില്‍ തന്നെ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെയും ദേവ്ദത്ത് പടിക്കലിനെയും മടക്കിയത് ഹെയ്സല്‍വുഡ് ആണ്. നാല് വിക്കറ്റുകളാണ് പേസര്‍ പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഹെയ്സല്‍വുഡിന് മികച്ച പിന്തുണ നല്‍കി. ഇരുവരും രണ്ട് വിക്കറ്റുകള്‍ വീതമാണ് നേടിയത്. 49.4 ഓവറില്‍ ഇന്ത്യന്‍ ടീം കൂടാരം കയറി.

More Stories from this section

family-dental
witywide