ന്യൂഡല്‍ഹി: വീടുവാടക കുതിച്ചുയരുന്നതിലേക്ക് നയിച്ച റെക്കോഡ് കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഓസ്ട്രേലിയ 2025ല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം 2.7 ലക്ഷമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ കോഴ്സുകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലന കോഴ്സുകളും പരിധിയില്‍ ഉള്‍പ്പെടുന്നുവെന്ന് ഓസ്ട്രേലിയ വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ, പ്രത്യേകിച്ച് പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഈ നീക്കം ദുഖത്തിലാഴ്ത്തി. ഫെബ്രുവരിയില്‍ പ്രവേശനം നടത്താന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ ഈ അറിയിപ്പ് കാര്യമായി ബാധിക്കും. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ഓസ്ട്രേലിയന്‍ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
2022 ജൂണില്‍, ഓസ്ട്രേലിയ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം 5.10 ലക്ഷമാക്കിയിരുന്നു. 2023 ല്‍ ഈ എണ്ണം 3.75 ലക്ഷമായി കുറഞ്ഞു. ഇതാണ് ഇപ്പോള്‍ 2.7 ലക്ഷമാക്കി കുറച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് നിന്നുള്ള 1.22 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയില്‍ പഠിക്കുന്നു. കാനഡ, യുഎസ്, യുകെ എന്നിവയ്ക്ക് ശേഷം വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ജനപ്രിയമായ നാലാമത്തെ രാജ്യമാണ് ഓസ്ട്രേലിയ.
കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്ട്രേലിയന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഇന്‍-കണ്‍ട്രി ആക്സസ് വിപുലീകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത് ശ്രദ്ധേയമാണ്.