ന്യൂഡല്‍ഹി: കുട്ടികളെ സുരക്ഷിതരാക്കുന്നതിന് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പ്രായപരിധി നിയമമാക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്. ഈ നീക്കം മാതാപിതാക്കളെ പിന്തുണയ്ക്കുകയും കുട്ടികളെ സുരക്ഷിതമാക്കുകയും ചെയ്യുമെന്ന് അല്‍ബനീസ് പറഞ്ഞു.
കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രായം സംബന്ധിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് രക്ഷിതാക്കള്‍ എന്നോട് പറയുന്നു. സോഷ്യല്‍ മീഡിയയ്ക്കും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കും കുറഞ്ഞ പ്രായം നിര്‍ബന്ധമാക്കുന്നതിന് ഞങ്ങള്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം അവതരിപ്പിക്കും. ഇത് മാതാപിതാക്കളെ പിന്തുണയ്ക്കുകയും കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുമെന്ന്
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ദേശീയ വോട്ടെടുപ്പില്‍, പകുതിയിലധികം മാതാപിതാക്കളും അവരുടെ കുട്ടികളുടെയും കൗമാരക്കാരുടെയും പ്രധാന ആരോഗ്യപ്രശ്‌നങ്ങളായി മാനസികാരോഗ്യ പ്രശ്നങ്ങളെ വിലയിരുത്തി. അതോടൊപ്പം സോഷ്യല്‍ മീഡിയ ഉപയോഗവും ഇടംപിടിച്ചു.
അനാരോഗ്യകരമായ ഭക്ഷണവും പൊണ്ണത്തടിയും ഉള്‍പ്പെടെയുള്ള കുട്ടികളുടെ പ്രധാന ആരോഗ്യ പ്രശ്നങ്ങളായി രക്ഷിതാക്കള്‍ ഇപ്പോഴും കാണുന്നു. എന്നാല്‍ മാനസികാരോഗ്യം, സോഷ്യല്‍ മീഡിയ, സ്‌ക്രീന്‍ സമയം എന്നിവയെ കുറിച്ചുള്ള ആശങ്കകളാണ് ഇവയെക്കാള്‍ രക്ഷിതാക്കള്‍ക്കുള്ളതെന്ന് വോട്ടടുപ്പ് വ്യക്തമാക്കി. കുട്ടികളുടെ സ്‌ക്രീന്‍ സമയവും സോഷ്യല്‍ മീഡിയയുടെ ഉപയോഗവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ മൂന്നില്‍ രണ്ട് രക്ഷിതാക്കളും ആശങ്കാകുലരാണ്.
‘കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ഡിജിറ്റല്‍ ഉപകരണങ്ങളും സോഷ്യല്‍ മീഡിയകളും ഉപയോഗിക്കുന്നു, ഇത് ഉറക്കത്തെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. കൂടാതെ, സുരക്ഷ, ആത്മാഭിമാനം, സാമൂഹിക ബന്ധങ്ങള്‍, ശീലങ്ങള്‍ എന്നിവയില്‍ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഇവയൊക്കെ തടയാന്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പ്രായപരിധി നിശ്ചയിക്കുന്നതിലൂടെ കഴിയുമെന്നാണ് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്.