ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗിന്റെയും വാര്‍ത്താ സമ്മേളനവും ജയശങ്കറിന്റെ അഭിമുഖവും നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ കാനഡയില്‍ ഒരു ഓസ്ട്രേലിയന്‍ വാര്‍ത്താ മാധ്യമത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പേജുകളും ബ്ലോക്ക് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ ഉയര്‍ത്തിക്കാട്ടുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
‘ഓസ്ട്രേലിയ ടുഡേ’ എന്ന ഓസ്ട്രേലിയന്‍ മാധ്യമത്തിനാണ് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. വാര്‍ത്താസമ്മേളനത്തിന്റെ വിശദാംശങ്ങളും ജയ്ശങ്കറിന്റെ അഭിമുഖവും റിപ്പോര്‍ട്ട് ചെയ്തതോടെ കാനഡയില്‍ ‘ഓസ്ട്രേലിയ ടുഡേ’ നിരോധിക്കപ്പെട്ടതായി രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിനാണ് ജയ്ശങ്കര്‍ ഓസ്ട്രേലിയയില്‍ എത്തിയത്. ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ കാനഡയിലെ ഖാലിസ്താന്‍ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോങും ജയ്ശങ്കറും അഭിപ്രായപ്രകടനം നടത്തിയിരുന്നു.