16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കാൻ ഓസ്‌ട്രേലിയ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

കാൻബെറ: 16 വയസ്സിൽ താഴെയുള്ളവരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കാൻ തയാറെടുക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. യഥാർഥ ജീവിത സാഹചര്യങ്ങൾ മനസിലാക്കി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

സോഷ്യൽ മീഡിയയെ ‘സാമൂഹിക വിപത്ത്’ എന്ന് വിശേഷിപ്പിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി, കുട്ടികൾ സ്ക്രീൻ ടൈം കുറക്കണമെന്നും കൂടുതൽ സമയം കായിക വിനോദങ്ങളിലും സമപ്രായക്കാരുമായുള്ള സംഭാഷണങ്ങളിലും ഏർപ്പെടണമെന്നും അഭിപ്രായപ്പെട്ടു.

കുട്ടികളുടെ സ്ക്രീൻ ടൈം കുറക്കാനായി, സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിശോധന നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്‍റെ പദ്ധതി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള കുറഞ്ഞ പ്രായം 13ൽനിന്ന് 16 വയസായി ഉയർത്തുന്നതിനുള്ള ക്യാംപെയിനുകൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തിനെതിരെ ദീർഘകാലമായി വാദിക്കുന്ന ആളുകൂടിയാണ് അദ്ദേഹം.

അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും, അവരുടെ സാമൂഹീകരണത്തെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാറിന്‍റെ പുതിയ നീക്കം. അതേസമയം, ഈ നീക്കത്തിനെതിരെ വ്യാപക വിമർശനമുയരുന്നുണ്ട്. വ്യക്തിഗത സ്വകാര്യത ലംഘിക്കുന്നതിനും ഡേറ്റ ചോർച്ചക്കും കാരണമായേക്കുമെന്ന് വിമർശനമുണ്ട്.

More Stories from this section

family-dental
witywide