പാരിസ്: 2024 ലെ ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങുകൾക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ ഫ്രാൻസിന്റെ തലസ്ഥാന നഗരമായ പാരീസിൽ ഓസ്‌ട്രേലിയൻ യുവതിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. അക്രമികളിൽ നിന്ന് രക്ഷപ്പെട്ട പിഗല്ലെയിലെ റസ്റ്റോറന്റിൽ അഭയം പ്രാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് റെസ്റ്റോറൻ്റ് ഉടമയാണ് പൊലീസിനെ വിവരമറിയിച്ചത്.
പാരീസിലെ ഓസ്‌ട്രേലിയൻ എംബസി ഫ്രഞ്ച് അധികൃതരുമായി ബന്ധപ്പെട്ടു. അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്ന് ഓസ്ട്രേലിയൻ എംബസി ആവശ്യപ്പെട്ടു. ഒളിമ്പിക്സിന് മുന്നോടിയായി ഇത്രയും വലിയ ക്രൂരകൃത്യമുണ്ടായത് അധികൃതരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. നഗരത്തിൽ സുരക്ഷ കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ സംഭവത്തിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.