ഈ പൂച്ചയെ സൂക്ഷിക്കണം…ഇവന്റെ ദേഹത്ത് വിഷമാണ്…മുന്നറിയിപ്പുമായി ജപ്പാന്‍, കാരണമിതാണ്

പടിഞ്ഞാറന്‍ ജപ്പാനിലെ ഒരു നഗരത്തിലെ ആളുകളോട് ഒരു പൂച്ചയില്‍ നിന്ന് അകലം പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിഷ രാസവസ്തുക്കളുടെ ടാങ്കില്‍ വീണ പൂച്ച രക്ഷപെട്ടോടിയതിനു പിന്നാലെയാണ് മുന്നറിയിപ്പ് എത്തിയത്.

ജപ്പാനിലെ ഫുകുയാമയിലെ ഒരു ഫാക്ടറി തൊഴിലാളി വിഷവസ്തുക്കള്‍ നിറച്ച കണ്ടെയ്നറില്‍ നിന്ന് പുറത്തേക്ക് പോകുന്ന തരത്തില്‍ പൂച്ചയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെയാണ് പൂച്ച കണ്ടെയ്‌നറിനുള്ളില്‍ വീണെന്നും പിന്നീട് അത് രക്ഷപെട്ടെന്നും മനസിലാക്കിയത്. തുടര്‍ന്ന് സെക്യൂരിറ്റി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പൂച്ച ഓടിപ്പോകുന്നത് കാണാമായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പൂച്ചയുടെ ശരീരത്തില്‍ വിഷവസ്തുക്കള്‍ പറ്റിയിട്ടുണ്ടെന്നും ഇതില്‍ നിന്നും അകലം പാലിക്കണമെന്നുമുള്ള അറിയിപ്പ് എത്തിയത്. മാത്രമല്ല, പൂച്ചയെ എവിടെയെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഓറഞ്ചും തവിട്ടുനിറവും ഉള്ള, ഉയര്‍ന്ന അസിഡിറ്റി ഉള്ളതും അര്‍ബുദമുണ്ടാക്കുന്നതുമായ രാസവസ്തുവായ ഹെക്സാവാലന്റ് ക്രോമിയത്തിലായിരുന്നു പൂച്ച വീണത്. പൂച്ചയെ തൊടരുതെന്ന് ഫുകുയാമ നഗരത്തിലെ പരിസ്ഥിതി സംഘവും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പൂച്ച ഇതിനോടകം ചത്തിരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ചത്തനിലയില്‍ കണ്ടെത്തിയാലും അകലം പാലിക്കാനാണ് നിര്‍ദേശം. ചൊവ്വാഴ്ച വരെ പൂച്ചയെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

ഫാക്ടറിയിലുണ്ടായിരുന്ന ടാങ്ക് ഷീറ്റ് കൊണ്ട് മൂടിയിരുന്നതായും എന്നാല്‍ അതിന്റെ ഒരു ഭാഗം മാറിയിരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിലൂടെയാകാം പൂച്ച ഉള്ളിലേക്ക് കടന്നത്.

ഹെക്സാവാലന്റ് ക്രോമിയം ചര്‍മ്മത്തിലെ ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, അന്ധത എന്നിവയ്ക്കും കാരണമാകും. കൂടാതെ ഈ രാസ പദാര്‍ത്ഥത്തിന് സമീപം ജോലി ചെയ്യുമ്പോള്‍ ജീവനക്കാര്‍ പ്രത്യേക മാസ്‌കുകളും റബ്ബര്‍ കയ്യുറകളും ധരിക്കാറുണ്ട്.

Authorities have advised people in a city in western Japan to keep their distance from a cat.

More Stories from this section

family-dental
witywide