പാലക്കാട്: ഷാഫി പറമ്പിൽ വടകര ലോക്സഭ സീറ്റിൽ ജയിച്ചതുമുതൽ പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ ആരാകും എന്ന സസ്പെൻസ് തുടങ്ങിയിരുന്നു. ഇരു മുന്നണികളിലുമായി നിരവധി പേരുകളാണ് ഉയർന്നു കേൾക്കുന്നത്. അക്കൂട്ടത്തിൽ പ്രധാനമാണ് പാലക്കാട്ടെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എ വി ഗോപിനാഥിന്‍റേത്. കോൺഗ്രസിൽ വിമത ശബ്ദമുയർത്തിയ ഗോപിനാഥ് ഇടതുമുന്നണിയുടെ സ്ഥാനാർഥിയാകാൻ സാധ്യത കൽപ്പിച്ചവർ നിരവധിയാണ്. എന്നാൽ ഇപ്പോൾ അത്തരം സാധ്യതകളെ തള്ളിക്കൊണ്ട് എ വി ഗോപിനാഥ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കി. പല നേതാക്കളും മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ഉളളതിനാല്‍ മത്സരിക്കാനില്ലെന്നാണ് അദ്ദേഹം പ്രമുഖ ചാനലിനോട് പറഞ്ഞത്.വ്യക്തിപരമായി മത്സരിക്കാനുളള ആഗ്രഹം തനിക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തനിക്ക് സീറ്റ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഇക്കുറി മത്സരിക്കാനില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.