പനാജി: ‘സൗത്ത് ഗ്രൂപ്പിൽ’ നിന്ന് ആം ആദ്മി പാർട്ടിക്ക് ലഭിച്ച കോഴ ഹവാല ഇടപാടുകളുടെ പണം 2021-22 ലെ പാർട്ടിയുടെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് എത്തിച്ചെന്ന് കഴിഞ്ഞദിവമാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടത്. ഇതിനു പിന്നാലെ അന്വേഷണം ഗോവയിലേക്കും നീട്ടി ഇ ഡി. അന്വേഷണത്തിന്റെ ഭാഗമായി എഎപി ഗോവ മേധാവിയെ ചോദ്യം ചെയ്യും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്ച രാവിലെ പഞ്ചിമിലെ ഏജൻസിയുടെ ഓഫീസിലേക്ക് ഇഡി തന്നെ വിളിച്ചതായി എഎപി ഗോവ പ്രസിഡൻ്റ് അമിത് പലേക്കർ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
രാമറാവു വാഗ്, ദത്ത പ്രസാദ് നായിക് എന്നിവരോടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചിമിലെ ഇഡി ഓഫീസിലെത്താനാണ് നിർദ്ദേശം. മദ്യനയ അഴിമതിക്കേസിലെ പണം ഗോവയിലെ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. ഭണ്ഡാരി സമാജ് പ്രസിഡൻ്റ് അശോക് നായികും ചോദ്യം ചെയ്യലിന് ഹാജരാകണം.
എഎപി ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡൽഹി മദ്യനയ ഇടപാടിൽ ലഭിച്ച വരുമാനം ഉപയോഗിച്ചെന്ന ആരോപണം ഉയർത്തിയാണ് അന്വേഷണം. കെ കവിത ഇടനില നിന്ന് നൽകിയതെന്ന് പറയപ്പെടുന്ന 100 കോടിയിൽ നിന്ന് ഏകദേശം 45 കോടി രൂപയാണ് ഗോവ തിരഞ്ഞെടുപ്പിലേക്ക് ഒഴുക്കിയതെന്നതിലാണ് അന്വേഷണം നടക്കുന്നത്.