വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയില്‍ തുടങ്ങിയ എക്സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയായ ഹീബ്രുവിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത് രണ്ടു ദിവസം മുമ്പ് മാത്രമായിരുന്നു. ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെ നിശിതമായി വിമര്‍ശിക്കുന്ന 2 പോസ്റ്റുകളും ഖമനയി പങ്കുവച്ചിരുന്നു. ഇതാണ്് എക്സ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ചയാണ് അവസാനത്തെ പോസ്റ്റ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചത്. ‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റു ചെയ്തുവെന്നും ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലും തെറ്റിയിരിക്കുന്നുവെന്നും ഇറാനെന്ന ദേശത്തിന് എന്തുമാത്രം ശക്തിയും കഴിവും ആഗ്രഹവും പ്രേരണകളുമാണ് ഉള്ളതെന്ന് അവര്‍ക്ക് ഉടന്‍ മനസ്സിലാകും എന്നുമാണ് ഞായറാഴ്ച പങ്കുവെച്ച അവസാന പോസ്റ്റില്‍ ഉണ്ടായിരുന്നത്.