അയോധ്യ: രാമക്ഷേത്രം പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ ദീപോത്സവം ആഘോഷമാക്കി അയോധ്യ. സരയൂ നദിയുടെ തീരത്ത് 25 ലക്ഷം ചെരാതുകള്‍ തെളിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മറികടന്ന് ഈ വര്‍ഷത്തെ ദീപോത്സവം പുത്തന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ടു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് മന്ത്രിമാരും ചേര്‍ന്നാണ് ആദ്യത്തെ ചെരാതുകള്‍ക്ക് തിരികൊളുത്തിയത്. കൂടാതെ ലേസര്‍ഷോയും ഡ്രോണ്‍ ഷോയും അരങ്ങേറി. മ്യാന്‍മാര്‍, നേപ്പാള്‍, തായ്‌ലന്‍ഡ്, മലേഷ്യ, കമ്പോഡിയ, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പരിപാടികളുമുണ്ടായിരുന്നു.
ഗിന്നസ് ലോക റെക്കോറഡ് കണ്‍സള്‍ട്ടന്റ് നിശ്ചല്‍ ബരോട്ടിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം ഡ്രോണുകളുപയോഗിച്ച് 55 ഘട്ടുകളിലായുള്ള ദീപങ്ങള്‍ എണ്ണി. പത്താം നമ്പര്‍ ഘട്ടില്‍ സ്വസ്തികയുടെ രൂപത്തില്‍ തെളിയിക്കുന്ന 80,000 ദീപങ്ങളായിരിക്കും ആഘോഷങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ പകുതിയോളം ഉദ്യോഗസ്ഥര്‍ മഫ്തിയിലായിരിക്കും നഗരത്തില്‍ വിന്യസിക്കുക.