ടെക്‌സസിലും ഉയരുന്നു ‘അയോദ്ധ്യ ക്ഷേത്രം’

ഹ്യൂസ്റ്റണ്‍: ലോകത്തിലെ വിവിധ നഗരങ്ങളില്‍ ‘അയോദ്ധ്യാ ക്ഷേത്ര’ത്തിന്റെ മാതൃകയിലുള്ള ക്ഷേത്രങ്ങള്‍ ഉയരുകയാണ്. ഇതിന്റെ ഭാഗമായി ടെക്‌സസിലെ ഹ്യൂസ്റ്റനില്‍ ശ്രീ സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പെയര്‍ലാണ്ടില്‍ ക്ഷേത്രം ഉയരും. ടെക്‌സസില്‍ പെയര്‍ലന്‍ഡിലെ പ്രശസ്തമായ
ശ്രീ മീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും ക്ഷേത്രം ഉയരുക. അതിനായി സത്യാനന്ദ സരസ്വതി ഫൌണ്ടേഷന്‍ വാങ്ങിയ അഞ്ചേക്കര്‍ സ്ഥലത്താണ് ക്ഷേത്രം പണികഴിപ്പിക്കുക.

നവംമ്പര്‍ 23ന് ശനിയാഴ്ച രാവിലെ 9:30ന് സൂമിലായിരിക്കും ക്ഷേത്ര നിര്‍മാണ വിളംബരം ഔദ്യോഗികമായി ഉണ്ടാവുക. ആറ്റുകാല്‍ തന്ത്രി വാസുദേവ ഭട്ടതിരിയുടെ പ്രാര്‍ഥനയോടെയായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുക. ചടങ്ങിന് സാക്ഷിയാകാന്‍ ചേങ്കോട്ടുകോണം ശ്രീ രാമദാസ ആശ്രമത്തില്‍ നിന്നുള്ള സത്യാനന്ദ സരസ്വതി ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ശ്രീശക്തി ശാന്താനന്ത മഹര്‍ഷിയോടൊപ്പം മുന്‍ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് സംഗീത് കുമാര്‍ എന്നിവരും പങ്കെടുക്കും.

കഴിഞ്ഞവര്‍ഷം നവംബര്‍ 23 KHNA യുടെ ഭാഗമായി മീനാക്ഷി ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല നടന്നിരുന്നു. ഈവര്‍ഷം നവംബര്‍ 23ന് ക്ഷേത്ര നിര്‍മാണ വിളംബരത്തോടെ ക്ഷേത്രത്തിന്റെ പ്ലാനുകളും മറ്റും സിറ്റിക്കു സമര്‍പ്പിക്കുന്നതും 2025 നവംബര്‍ 23ന് ബാലാലയ പ്രതിഷ്ഠ കര്‍മങ്ങള്‍ നടത്താനുമാണ് സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ തീരുമാനമെന്ന് ഫൌണ്ടേഷന്‍ ഡയറക്റ്റര്‍മാരായ ജി കെ പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകന്‍ കേശവന്‍, സോമരാജന്‍ നായര്‍, അനില്‍ ആറന്മുള, ജയപ്രകാശ് നായര്‍, മാധവന്‍ നായര്‍, സുനില്‍ നായര്‍, വിശ്വനാഥന്‍ പിള്ള, രവി വള്ളത്തേരി, ഡോ. ബിജു പിള്ള എന്നിവര്‍ അറിയിച്ചു.

വിശ്വാസികള്‍ക്ക് തങ്ങളുടെ കേരളത്തിലെ കുടുംബ ക്ഷേത്രത്തില്‍നിന്നോ ഭരദേവതാ ക്ഷേത്രത്തില്‍നിന്നോ ഒരുപിടി മണ്ണ് കൊണ്ടുവന്ന് ക്ഷേത്ര ഭൂമിയില്‍ ലയിപ്പിക്കാനും ഒപ്പം ഈ ക്ഷേത്രം തങ്ങളുടെ കുടുംബ ക്ഷേത്രമാക്കി മാറ്റാനും അപൂര്‍വമായ അവസരമുണ്ടാക്കുമെന്നു ക്ഷേത്ര സമിതി കോര്‍ഡിനേറ്റര്‍ രഞ്ജിത് പിള്ള പറഞ്ഞു. അങ്ങനെയുള്ള കുടുംബങ്ങളുടെ വിവരങ്ങള്‍ തകിടില്‍ ആലേഖനം ചെയ്ത് ക്ഷേത്രത്തില്‍ സൂക്ഷിക്കുകയും ചെയ്യും.

അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ക്ഷേത്രവും അവിടെ ഉയരുന്ന ഹനുമാന്‍ പ്രതിഷ്ഠയും അമേരിക്കയിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും ധാരാളം പ്രത്യേകതകാലുള്ളതായിരിക്കുമെന്നും രഞ്ജിത് അവകാശപ്പെട്ടു. ക്ഷേത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 23 ന് നടക്കുന്ന സൂം മീറ്ററിംഗില്‍ ലോകത്തിന്റെ നാനാഭാഗത്തുമുള്ളവരോടൊപ്പം ഭാഗമാകാന്‍ ഭക്തജനങ്ങളോട് രഞ്ജിത്ത് അഭ്യര്‍ഥിച്ചു.

(വാര്‍ത്ത: അനില്‍ ആറന്മുള)

More Stories from this section

family-dental
witywide