കണ്ണൂർ: സി പി എമ്മിന്‍റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനും ഭാര്യക്കുമെതിരെ വിവാദ വെളിപ്പെടുത്തലുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബി ജെ പി അംഗത്വം സ്വീകരിച്ചവരാണെന്നും ഇവരുടെ വീട്ടിൽ പോയി കാര്യങ്ങൾ സംസാരിച്ച് ബി ജെ പിയുടെ ഷാൾ അണിയിച്ചിട്ടുണ്ടെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്.
ഏതാനും ദിവസം മുൻപ് ആലപ്പുഴയിലെ വീട്ടിൽ പോയാണ് സുധാകരനെ നേരിൽ കണ്ടതെന്നും ബി ജെ പി ഉപാധ്യക്ഷൻ വിവരിച്ചു. വീടിന്റെ ഗേറ്റിലേക്ക് ഇറങ്ങി വന്ന സുധാകരൻ തന്നെ സ്വീകരിച്ചെന്നും ഇത് തനിക്കുള്ള സ്വീകരമല്ല, ബി ജെ പിക്കുള്ള സ്വീകരണമായിട്ടാണ് കാണുന്നതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ നടത്തിയ പരിപാടിക്കിടെയാണ് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍റെ വെളിപ്പെടുത്തൽ.
ബി ജെ പിയിലേക്ക് വന്നിരുന്നെങ്കിൽ സി പി എം കേന്ദ്രകമ്മിറ്റി അംഗമായ ഇ പി.ജയരാജൻ ഇപ്പോൾ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗവർണർ വരെ ആകുമായിരുന്നു എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്ന് വിദഗ്ധ സംഘം എത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ഇ പി. ജയരാജൻ പറയുന്നത്. അത് അദ്ദേഹത്തിന് മാത്രം അറിയുന്ന കാര്യമാണ്. അങ്ങനെ ആരെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ക്യാപ്റ്റൻ ഇ പി ജയരാജൻ തന്നെയായിരിക്കും. സി പി എമ്മിനെ നശിപ്പിച്ച് കൊണ്ടിരിക്കുന്നത് ഇ പി. ജയരാജനാണെന്നും ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.