മിൽഫോർഡ് (കനക്ടികട്ട്) ∙ മിൽഫോർഡ് മോട്ടലിന്റെ ബാത്ത് ടബ്ബിൽ കുഞ്ഞ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഡെയ്ൽ ആന്റണി കിർക്ക്‌ലാൻഡ് (31) അറസ്റ്റിലായി. മോട്ടൽ ജോലിക്കാരി മുറി വൃത്തിയാക്കുന്നതിനിടയിലാണ് ബാത്ത് ടബ്ബിലെ വെള്ളത്തിനടിയിൽ പൂർണ്ണമായും മുങ്ങിയ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
മിൽഫോർഡിലെ മെയ്ഫ്ലവർ മോട്ടലിൽ പരിശോധനക്കെത്തിയ പൊലീസ് മുറിയിൽ കുട്ടിയുടെ വസ്ത്രങ്ങൾ, ബാഗുകൾ, കാർ സീറ്റ് എന്നിവയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡെയ്ൽ ആന്റണി കിർക്ക്‌ലാൻഡ് (31) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നാണ് കരുതുന്നത്. കുഞ്ഞിന്റെ പേരും കൊലപാതകത്തിനുള്ള കാരണവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു മില്യൻ ഡോളർ ബോണ്ടിൽ കിർക്ക്‌ലാൻഡ് ജയിലിൽ തുടരുന്നു.