കാലിഫോർണിയ: യുഎസിൽ നവജാത ശിശുവിനെ തൊട്ടിലിൽ കിടത്തേണ്ടതിനു പകരം അമ്മ ഓവനിൽ വച്ചതിനെ തുടർന്ന് പെൺകുഞ്ഞിന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മിസോറിയിലാണ് സംഭവം നടന്നത്. ഒരു മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. കുഞ്ഞ് പ്രതികരിക്കുന്നില്ലെന്ന് ഫോൺ വിളിവന്നതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ കൻസാസ് സിറ്റിയിലെ വീട്ടിലെത്തി. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതായി ശ്രദ്ധയിൽ പെട്ടു.
കുഞ്ഞിനെ അമ്മ ഉറങ്ങാൻ കിടത്തിയെന്നും അബദ്ധത്തിൽ തൊട്ടിലിനു പകരം ഓവനിലാണ് കിടത്തിയതെന്നുമാണ് റിപ്പോർട്ട്. ഡെയ്‌ലി എക്‌സ്‌പ്രസ് യുഎസ് റിപ്പോർട്ട് ചെയ്യുന്ന പ്രകാരം കുട്ടിയുടെ വസ്ത്രങ്ങൾ കരിയുകയും ഡയപ്പറിൽ കത്തുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ കുഞ്ഞു പുതപ്പും കണ്ടെത്തി.
എങ്ങനെയാണ് ഇത്തരമൊരു പിശക് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരണം പ്രസ്താവന നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
കുഞ്ഞിൻ്റെ അമ്മ 26 കാരിയായ മരിയ തോമസിനെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ മാനസികാരോഗ്യത്തിനു തകരാറുണ്ടെന്ന് സുഹൃത്ത് അഭിപ്രായപ്പെട്ടു. എല്ലാ സമയത്തും പുഞ്ചിരിക്കുന്ന വളരെ സുന്ദരിയായ കുട്ടിയാണെന്നാണ് അവർ കുഞ്ഞിനെ വിശേഷിപ്പിച്ചത്.
ജാക്‌സൺ കൗണ്ടി ഡിറ്റൻഷൻ സെൻ്ററിലാണ് മരിയ തോമസ് ഇപ്പോൾ കഴിയുന്നത്.