
ന്യൂയോർക്ക്: രാജ്യത്തുടനീളമുള്ള കോളേജുകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർച്ചയായ മരണങ്ങളിൽ നടുങ്ങി അമേരിക്കയിലെ ഇന്ത്യൻ സമൂഹം. തുടർച്ചയായ ദാരുണ സംഭവങ്ങൾ വിദ്യാർഥികളെയും മാതാപിതാക്കളെയും ഉത്കണ്ഠയിലാഴ്ത്തി.
2024ൽ മാത്രം ഇന്ത്യൻ, ഇന്ത്യൻ-അമേരിക്കൻ വംശജരായ ഏഴു വിദ്യാർഥികളാണ് മരിച്ചത്. കണക്ടികട്ട് മുതൽ ഇന്ത്യാനവരെയുള്ള സംസ്ഥാനങ്ങളിലെ പൊലീസ് റെക്കോർഡുകൾ പ്രകാരം, മരിവരെല്ലാം 25 വയസോ അതിനു താഴെയോ ഉള്ള ആൺകുട്ടികളാണ്. ഇതിൽ രണ്ടുപേർ ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടുപേരെ കാണാതായതിനെ തുടന്നു നടത്തിയ തിരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരാളെ മർദിച്ച് കൊലപ്പെടുത്തുകയാണുണ്ടായത്.
യുഎസിലും വിദേശത്തുമുള്ള ഇന്ത്യൻ സമൂഹത്തിലെ പലർക്കും മുമ്പിൽ ഈ മരണങ്ങൾ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് അവശേഷിപ്പിച്ചിട്ടുള്ളത്.
“ഇത് ഒരു പാറ്റേൺ പോലെ തോന്നുന്നു. എന്തുകൊണ്ടാണ് ഓരോരുത്തരും ഇന്ത്യൻ കുട്ടികളാകുന്നത്? വല്ലാതെ ഭയപ്പെടുത്തുന്നു.” ഏഴ് മരണങ്ങളിൽ രണ്ടെണ്ണം സംഭവിച്ച ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാലയിലെ ജൂനിയറായ വിരാഗ് ഷാ (21) പറഞ്ഞു.
സ്‌കൂളിലെ ഇന്ത്യൻ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ്റെ പ്രസിഡൻ്റാണ് ഷാ, ആവർത്തിച്ചുള്ള സംഭവങ്ങളിൽ തൻ്റെ സഹപാഠികൾ പരിഭ്രാന്തരാണെന്ന് അദ്ദേഹം പറയുന്നു.
ജനുവരി 28 ന് 19 കാരനായ നീൽ ആചാര്യയുടെ മൃതദേഹം പർഡ്യൂ കാമ്പസിൽ നിന്ന് കണ്ടെടുത്തു. ഒരു രാത്രി പുറത്തുപോയതിനു ശേഷം ആചാര്യയെ കാണാതാവുകയായിരുന്നു, പിറ്റേന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഒരാഴ്ചയ്ക്ക് ശേഷം, പർഡ്യൂ ബിരുദ വിദ്യാർത്ഥി സമീർ കാമത്തിനെ (23) തലയിൽ വെടിയേറ്റ നിലയിൽ അടുത്തുള്ള കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി അഞ്ചിന് ആത്മഹത്യ ചെയ്തതായി മെഡിക്കൽ എക്സാമിനർമാർ പറയുന്നു.
2022 ഒക്ടോബറിൽ പർഡ്യൂവിൽ ഉണ്ടായ ഒരു കേസിനെ പിന്നാലെയാണ് ഈ രണ്ടുമരണങ്ങളും. വരുൺ മനീഷ് ഛേദ എന്ന ഇരുപതുകാരൻ തൻ്റെ റൂംമേറ്റിന്റെ ക്രൂരമായി കുത്തേറ്റ് മരിച്ചത് 2022ലായിരുന്നു.
ഇന്ത്യൻ വിദ്യാർഥികളുടെ തുടർച്ചയായ മരണങ്ങൾ ആശങ്കയുണർത്തുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജനുവരി 15 ന് സേക്രഡ് ഹാർട്ട്‌സ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ അവരുടെ ഹാർട്ട്‌ഫോർഡിലെ കണക്റ്റിക്കട്ടിലെ വസതിയിൽ കണ്ടെത്തിയിരുന്നു.
22 കാരനായ ദിനേഷ് ഗട്ടു, 21 കാരനായ സായ് രകോട്ടി എന്നിവർക്ക് ഫെൻ്റനൈൽ അടങ്ങിയ അമിത ഡോസ് മൂലമാണ് മരണപ്പെട്ടതെന്ന് കണക്റ്റിക്കട്ട് ചീഫ് മെഡിക്കൽ എക്സാമിനർ പറഞ്ഞു.
ഒരു ദിവസത്തിന് ശേഷം, ജനുവരി 16 ന്, 25 കാരനായ ഇന്ത്യൻ ബിരുദ വിദ്യാർത്ഥി വിവേക് സൈനി ജോർജിയയിലെ ലിത്തോണിയയിൽ ജോലി ചെയ്തിരുന്ന കടയിൽ വെച്ച് മർദനമേറ്റ് കൊല്ലപ്പെട്ടു. കേസിൽ തങ്ങൾ അന്വേഷണം നടത്തുന്നുണ്ടെന്നും മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ കോൺസുലേറ്റ് ട്വീറ്റ് ചെയ്തു.
സെയ്‌നിയുടെ മരണത്തിന് നാല് ദിവസങ്ങൾക്ക് ശേഷം, ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി അർബാന-ചാമ്പെയ്ൻ കാമ്പസിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയായ അകുൽ ധവാൻ്റെ (18) മൃതദേഹം പൂജ്യം ഡിഗ്രി താപനിലയിൽ കണ്ടെത്തി. പുലർച്ചെ 1:30 ന് ഹോസ്റ്റലിൽ നിന്ന് പുറത്തുപോയ ശേഷം ഒരു സുഹൃത്ത് അകുലിനെ കാണാതായതായി റിപ്പോർട്ട് ചെയ്തു. 10 മണിക്കൂറിന് ശേഷം ഒരു വഴിയാത്രക്കാരനാണ് അകുലിന്റെ മൃതദേഹം കണ്ടെത്തിയത്.
സിൻസിനാറ്റി സർവ്വകലാശാലയിൽ, ഇന്ത്യൻ വംശജനായ 19-കാരനായ ശ്രേയസ് റെഡ്ഡി ബെനിഗർ എന്ന വിദ്യാർത്ഥിയെ ഫെബ്രുവരി 1-ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി ലോക്കൽ പോലീസ് അറിയിച്ചിരുന്നു.