മസ്‌കറ്റ്: ഒമാനിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്നാണ് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകള്‍ ഇന്ന് നിര്‍ത്തിവയ്ക്കുന്നത്. അന്താരാഷ്ട്ര സ്‌കൂളുകള്‍ക്കും തീരുമാനം ബാധകമാണെന്നും ചൊവ്വാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദോഫാറിനും അല്‍ വുസ്തയ്ക്കും ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് അവധി അനുവദിച്ചു.
ഒമാനില്‍ ഫെബ്രുവരി 11 മുതല്‍ 14 വരെ ന്യൂനമര്‍ദ്ദ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്‌തേക്കും. കാലാവസ്ഥ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
സുല്‍ത്താനേറ്റിലുടനീളം നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെ ഒഴിവാക്കിയിട്ടുണ്ട്. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകള്‍ ഒഴികെ ഒമാനിലെ സുല്‍ത്താനേറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലെയും സംസ്ഥാന ഭരണ സംവിധാനത്തിന്റെ യൂണിറ്റുകളും മറ്റ് നിയമപരമായ വ്യക്തികളും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും അവധി ബാധകമാണ്.