ന്യൂഡല്‍ഹി : ഫ്‌ളൈറ്റ് യാത്രകളുടെ അവസാനം ഏറ്റവും മടുപ്പിക്കുന്ന ഒന്നാണ് പലപ്പോഴും വൈകി എത്തുന്ന ലഗേജുകള്‍. എന്നാലിതാ അത്തരം മടുപ്പിക്കലുകള്‍ക്ക് വിലക്കുമായി എത്തിയിരിക്കുകയാണ് ഷന്‍ സെക്യൂരിറ്റി റെഗുലേറ്റര്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി.
ലാന്‍ഡ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാര്‍ക്ക് ബാഗേജ് എത്തിക്കണമെന്ന് ഏവിയേഷന്‍ സെക്യൂരിറ്റി റെഗുലേറ്റര്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഏഴ് ഇന്ത്യന്‍ എയര്‍ലൈനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 26 മുതല്‍ ഈ നിയമം നടപ്പിലാക്കും.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ, സ്‌പൈസ് ജെറ്റ്, വിസ്താര, എഐഎക്‌സ് കണക്ട്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകളോട് നിര്‍ദ്ദേശം പാലിക്കാന്‍ അറിയിച്ചിട്ടുണ്ട്. ജനുവരിയില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ ബാഗേജുകള്‍ എത്തുന്ന സമയം ബിസിഎസ് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം എത്തിയിരിക്കുന്നത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇതിന് നിര്‍ദേശം നല്‍കിയത്.
എയര്‍ക്രാഫ്റ്റ് എഞ്ചിന്‍ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ ആദ്യത്തെ ബാഗേജ് ബാഗേജ് ബെല്‍റ്റിലെത്തണമെന്നും 30 മിനിറ്റിനുള്ളില്‍ അവസാന ബാഗ് എത്തണമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടരുകയാണ്.