രക്ഷാപ്രവർത്തനത്തിൽ നിർണായകം, 35 മണിക്കൂറിൽ ചൂരൽമലയിൽ ബെയ്‌ലി പാലം റെഡിയായി; സൈനിക വാഹനങ്ങൾ പാലം കടന്നു

മേപ്പാടി: വയനാട് മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ പാലത്തിലൂടെ സൈനിക വാഹനങ്ങളടക്കം കടന്നുപോയി. ഇതിന് പിന്നാലെ മറ്റു വാഹനങ്ങളും കടത്തിവിട്ടു തുടങ്ങി. ഇതോടെ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും എത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാ​ഗം അതിവേ​ഗത്തിലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കേവലം 35 മണിക്കൂർ കൊണ്ടാണ് പാലം നിര്‍മാണം പൂർത്തിയായത്.

പുഴയിലെ ശക്തമായ കുത്തൊഴുക്കിനിടയിലും ഇന്നലെ രാത്രിയിൽ പാലത്തിന്റെ നിർമാണം തുടർന്നിരുന്നു. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും. 10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. 15 ട്രക്കുകളിലായാണ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചത്.

More Stories from this section

family-dental
witywide