വാഷിംഗ്ടണ്‍: ചരക്ക് കപ്പല്‍ ഇടിച്ച് തകര്‍ന്ന ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറായി കൂറ്റന്‍ ക്രെയിന്‍ സജ്ജമായി. വെള്ളിയാഴ്ച ബാള്‍ട്ടിമോര്‍ തുറമുഖത്തെത്തിയ ക്രെയിന്‍ ഈസ്റ്റേണ്‍ സീബോര്‍ഡിലെ ഏറ്റവും വലിയ ക്രെയിനാണ്. 1,000 ടണ്‍ വരെ ഉയര്‍ത്താന്‍ കഴിയുന്ന ക്രെയിനാണ് തുറമുഖത്ത് എത്തിയത്. ശനിയാഴ്ച രാവിലെ വെള്ളത്തില്‍ നിന്ന് അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ തുടങ്ങുമെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് വക്താവ് കാര്‍മെന്‍ കാര്‍വര്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചവരെ ജീവനക്കാര്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തുകയായിരുന്നു. അതേസമയം, ബാള്‍ട്ടിമോറിലെ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ടാമത്തെ ക്രെയിനും ഉടന്‍ എത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന കപ്പല്‍ ഡാലിക്ക് ഈഫല്‍ ടവറിന്റെ അത്രയും നീളമുണ്ടെന്നും ഡാലിക്ക് മുകളില്‍ പാലം വീണുകിടക്കുന്നുവെന്നും അത് നീക്കം ചെയ്യുന്നത് പിടിപ്പത് പണിയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കപ്പലിനു മുകളില്‍ വീണുകിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് 4000 ടണ്ണോളം ഭാരമുണ്ടെന്നാണ് വിലയിരുത്തല്‍. ഇനിയുള്ളത് അതിവേഗത്തിലുള്ള ജോലികളാണ്, ഇത് ആഴ്ചകള്‍ എടുത്തേക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വൈദ്യുതി തകരാറുണ്ടായ കൂറ്റന്‍ കണ്ടെയ്നര്‍ കപ്പലായ ഡാലി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണില്‍ ഇടിച്ചതും പാലം തകര്‍ന്നുവീണതും. അപകടസമയത്ത് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ആറ് തൊഴിലാളികള്‍ നദിയില്‍ വീണ് മരിക്കുകയും ചെയ്തിരുന്നു. ഇതില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു. ശേഷിക്കുന്ന നാല് പേരുടെ മൃതദേഹങ്ങള്‍ വെള്ളത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. എല്ലാവരും മെക്‌സിക്കോയില്‍ നിന്നും മധ്യ അമേരിക്കയില്‍ നിന്നുമുള്ള കുടിയേറ്റക്കാരായിരുന്നു.