ബാള്‍ട്ടിമോര്‍ പാലം അപകടം : മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തില്‍ ചരക്ക് കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് കാണാതായ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. അപകടത്തിന് ഇരയായ മൂന്നാമത്തെയാളുടെ മൃതദേഹമാണ് വെള്ളിയാഴ്ച നദിയില്‍ നിന്നും കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

38 കാരനായ മൈനോര്‍ യാസിര്‍ സുവാസോ-സാന്‍ഡോവലിന്റെ മൃതദേഹമാണ് ഡൈവ് ടീമുകള്‍ കണ്ടെത്തിയതെന്ന് മേരിലാന്‍ഡ് സ്റ്റേറ്റ് പോലീസിനെ അറിയിച്ചതായി അന്വേഷണത്തിന്റെ ചുമതലയുള്ള ഏകീകൃത കമാന്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇയാൾ ഹോണ്ടുറാസിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായിരുന്നു.

മാര്‍ച്ച് 26 ന് ഒരു ചരക്ക് കപ്പല്‍ പാലത്തിന്റെ തൂണില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് പാലം തകര്‍ന്നുവീണ് അപകടമുണ്ടായത്. അപകടസമയത്ത് പാലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആറ് പേര്‍ നദിയിലേക്ക് വീണുപോകുകയായിരുന്നു. ഇവരില്‍ മൂന്നുപേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇനിയും മൂന്നുപേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടെത്താനുണ്ട്. മാര്‍ച്ച് 27 നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മെക്‌സിക്കോയില്‍ നിന്നുള്ള, ബാള്‍ട്ടിമോറില്‍ താമസിച്ചിരുന്ന അലജാന്‍ഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്റസ് (35), ഗ്വാട്ടിമാലയില്‍ നിന്നുള്ള ഡോര്‍ലിയന്‍ റൊണിയല്‍ കാസ്റ്റില്ലോ കബ്രേര (26) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.