ബാള്‍ട്ടിമോര്‍ അപകടം : കപ്പലില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: ബാള്‍ട്ടിമോര്‍ പാലം തകര്‍ച്ചയ്ക്ക് കാരണമായ ചരക്ക് കപ്പലില്‍ അപകടകരമായ വസ്തുക്കള്‍ കണ്ടെത്തിയെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB)റിപ്പോര്‍ട്ട്.

അപകടകരമായ വസ്തുക്കള്‍ നിറച്ച 56 കണ്ടെയ്നറുകളാണ് ചരക്കുകപ്പലില്‍ ഉണ്ടായിരുന്നതെന്ന് എന്‍ടിഎസ്ബി ഉദ്യോഗസ്ഥ ജെന്നിഫര്‍ ഹോമെന്‍ഡി വെളിപ്പെടുത്തി. കത്തുന്ന വസ്തുക്കള്‍, ലിഥിയം അയണ്‍ ബാറ്ററികള്‍ എന്നിവയുള്‍പ്പെടെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ 56 കണ്ടെയ്നറുകളാണ് കപ്പലില്‍ കണ്ടെത്തിയിട്ടുള്ളത്. കപ്പല്‍ പാലത്തിലിടിച്ചതിന് പിന്നാലെ കണ്ടെയ്‌നറുകളില്‍ ചിലത് തകരുകയും ഇതില്‍ നിന്നുള്ള അപകടകരമായ രാസവസ്തുക്കള്‍ നദിയില്‍ കലരുകയും ചെയ്തിരുന്നുവെന്നും എന്‍.ടി.എസ്.ബി. റിപ്പോര്‍ട്ടിലുണ്ട്.

കൂടാതെ, പുറപ്പെടുന്നതിന് മുമ്പ് നടത്തിയ ഒരു പരിശോധനയില്‍ കപ്പലിന്റെ ഉപകരണങ്ങളില്‍ ഒരു പിഴവ് കണ്ടെത്തിയതായും വിവരമുണ്ട്. കപ്പലില്‍ ഇന്ധന മര്‍ദ്ദത്തിനായുള്ള മോണിറ്റര്‍ ഗേജ് തകരാറായിരുന്നു, അത് യാത്ര തുടങ്ങുന്നതിന് മുമ്പ് പരിഹരിച്ചതായും റിപ്പോര്‍ട്ടുണ്ട്.