മേരിലാൻഡ്: ചരക്കുകപ്പല്‍ ഇടിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍ വീണ് കാണാതായ ആറു തൊഴിലാളികളിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഒരു ചുവന്ന പിക്കപ്പ് ട്രക്കിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അലജാൻഡ്രോ ഹെർണാണ്ടസ് ഫ്യൂൻ്റസ്(35), ഡോറിയൻ റൊണിയൽ കാസ്റ്റിലോ കബ്രേര ( 25) എന്നിവരാണ് ഇവർ.
തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ കാര്യം ഒരു വാർത്താസമ്മേളനത്തിലാണ് മേരിലാൻഡ് പൊലീസ് അറിയിച്ചത്. പാലം തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
എട്ട് പേരടങ്ങുന്ന നിർമാണ ജോലിക്കാരിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഇതിൽ നാല് മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.
മുങ്ങൽ വിദഗ്ധർ പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലേക്ക് കയറി തിരച്ചിൽ നടത്താൻ ശ്രമിക്കുന്നത് സുരക്ഷിതമല്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതിന് ശേഷം മുങ്ങൽ വിദഗ്ധരെ തിരച്ചിലിനായി അയക്കുമെന്നും പൊലീസ് വ്യക്തമാക്കി.
നദിയിൽ വീണ് കാണാതായ തൊഴിലാളികൾ മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ എന്നിവിടങ്ങളിലെ പൗരന്മാരാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ അപകടത്തിൽപ്പെട്ട കപ്പലിൻ്റെ ഡേറ്റ റെക്കോർഡർ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ ബ്ളാക് ബോക്സിന് സമാനമായ ഉപകരണമാണിത്. ഇത് പരിശോധിച്ചാൽ അപകട കാരണം വ്യക്തമായേക്കും. അത് പരിശോധിച്ചു വരികയാണ്. അപകടത്തിൽപെട്ട കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. അവർ ഇപ്പോഴും കപ്പലിൽ തന്നെ തുടരുകയാണ്. കപ്പലിൽ 1.5 മില്യൺ ഗാലൺ ഇന്ധനവും ടൺകണക്കിന് ചരക്കും ഉണ്ട്. അധികം ലിഥിയം അയൺ ബാറ്ററിപോലുള്ള പരിസ്ഥിക്ക് വലിയ ദോഷം ചെയ്യുന്ന വസ്തുക്കളാണ്.