കപ്പല്‍ ഇടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നുവീണു; വാഹനങ്ങളും നിരവധി ആളുകളും വെള്ളത്തില്‍, രക്ഷാ പ്രവര്‍ത്തനം തുടരുന്നു

മേരിലാന്‍ഡ്: ഒരു കണ്ടെയ്നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നുവീണു. അപകടസമയത്ത് അതുവഴി കടന്നുപോവുകയായിരുന്ന കാറുകളും ചില കാല്‍നടയാത്രക്കാരും നദിയിലേക്ക് വീണുപോയിട്ടുണ്ട്.

ബാള്‍ട്ടിമോര്‍ അഗ്‌നിശമന സേനയുടെ കണക്കനുസരിച്ച്, കുറഞ്ഞത് 20 പേരെങ്കിലും വെള്ളത്തില്‍ വീണതായാണ് കരുതുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ വലിയൊരു ഭാഗം ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. കപ്പലിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം, 1.30 ഓടെയാണ് അപകടമുണ്ടായത്. 2.6 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ ഭൂരിഭാഗവും തകര്‍ന്ന് വെള്ളത്തിലായിട്ടുണ്ട്. മേരിലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ വെസ് മൂർ അറിയിച്ചു. രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലും സുഗമമായും നടക്കുന്നതായി അദ്ദേഹം അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിരവധി വീഡിയോകളില്‍ നിന്നും ഒരു വലിയ ചരക്ക് കപ്പല്‍ പാലത്തിന്റെ തൂണുകളിലൊന്നിലേക്ക് ഇടിച്ചുകയറുന്നതും തുടര്‍ന്ന് പാലം തകര്‍ന്ന് നദിയിലേക്ക് വീഴുന്നതും വ്യക്തമാണ്. കപ്പൽ പൊളിഞ്ഞു വീണ പാലത്തിൽ കുരുങ്ങിക്കിടക്കുകയാണ്.

ഫ്‌ലൈറ്റ് ട്രാക്കിംഗ് റഡാറുള്‍പ്പെടെയുള്ള സംവിധാനങ്ങളും, ഹെലികോപ്റ്ററുള്‍പ്പെടെ എത്തിയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

എഫ്ബിഐയും ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എടിഎഫ്) ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.ബാൾട്ടിമോർ തുറമുഖത്തിനും പരിസരത്തും മൈനസ് ഒരു ഡിഗ്രി സെൽഷ്യസാണ് താപനില. ഇത് അപകടത്തിൽപ്പെട്ടവരുടെ നില ഗുരുതരമാക്കിയേക്കാം. പരിസത്തുള്ള ഡൈവർമാർ വെള്ളത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്.

സംഭവത്തെത്തുടര്‍ന്ന് പാലത്തിന്റെ ഇരുഭാഗത്തും ഗതാഗതം തടഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതായി മേരിലാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റി എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കപ്പൽ ട്രാക്കിംഗ് കമ്പനിയായ മറൈൻട്രാഫിക് പറയുന്നതനുസരിച്ച് സിംഗപ്പൂരിൻ്റെ പതാക ഘടിപ്പിച്ച ഡാലി എന്ന കണ്ടെയ്‌നർ കപ്പൽ പുലർച്ചെ 1:30 ഓടെ പാലത്തിൽ ഇടിച്ചു. ഏകദേശം 984 അടി നീളമുള്ള കപ്പൽ ബാൾട്ടിമോറിലെ തുറമുഖത്ത് നിന്ന് പുലർച്ചെ ഒരു മണിയോടെ യാത്ര പുറപ്പെട്ടിരുന്നു. ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ.

Baltimore Key Bridge collapsed