ന്യൂഡല്‍ഹി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ഗുസ്തി താരം ബജ്റംഗ് പൂനിയയുടെ രൂക്ഷമായ പ്രതികരണം. തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ അത്ഭുതമില്ലെന്നും ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ പിന്‍വലിക്കുമെന്നുമാണ് പുനിയയുടെ പ്രതികരണം. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും വനിതാ ഗുസ്തി താരങ്ങളെ പിന്തുണച്ച് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധിച്ചതിലുള്ള പ്രതികാര നടപടിയാണിതെന്നും പൂനിയ തുറന്നടിച്ചു.
താന്‍ കഴിഞ്ഞ 10 – 12 വര്‍ഷങ്ങളോളമായി മത്സരരംഗത്തുണ്ടെന്നും എല്ലാ ടൂര്‍ണമെന്റിനും മുന്‍പ് സാമ്പിള്‍ നല്‍കാറുണ്ടെന്നും പൂനിയ പറഞ്ഞു. തന്നെ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രതികാര നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും പൂനിയ കൂട്ടിച്ചേര്‍ത്തു. ഉത്തേജന പരിശോധനയ്ക്ക് വിസമ്മതിച്ച പുനിയ്ക്ക് നാലു വര്‍ഷത്തേക്കാണ് നാഡ വിലക്ക് ഏര്‍പ്പെടുത്തിയത്.