ന്യൂഡല്‍ഹി: ബംഗ്ലാദേശ്-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ അടുക്കുന്നു. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നിയമങ്ങള്‍ ഇളവ് ചെയ്താണ് ബംഗ്ലാദേശിന്റെ പുതിയ നീക്കം. വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് സുരക്ഷാ ക്ലിയറന്‍സ് നേടേണ്ടത് ആവശ്യമാണെന്നത് ഇടക്കാല സര്‍ക്കാര്‍ നീക്കം ചെയ്തു. ഇതോടെ ഇന്ത്യക്ക് സുരക്ഷാ ആശങ്കകള്‍ വര്‍ദ്ധിച്ചു.
ബംഗ്ലാദേശിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സയ്യിദ് അഹമ്മദ് മറൂഫ് ഡിസംബര്‍ 3 ന് ധാക്കയില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) നേതാവ് ഖാലിദ സിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഈ മാറ്റം വന്നത് എന്നതും ശ്രദ്ധേയം.
നവംബറില്‍ കറാച്ചിയില്‍ നിന്ന് ചിറ്റഗോങ്ങിലേക്ക് നേരിട്ട് ചരക്ക് കപ്പല്‍ നീക്കത്തിന് ബംഗ്ലാദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പം ചര്‍ച്ചയായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗില്‍ നിന്ന് വ്യത്യസ്തമായി സിയയുടെ പാര്‍ട്ടി ചരിത്രപരമായി പാകിസ്ഥാനുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.