‘ഇവിടെ അറസ്റ്റ് വാറണ്ടുണ്ട്’ ഹസീനയെ ഇന്ത്യ വിട്ടുനൽകണം’, നിർണായക നീക്കവുമായി ബംഗ്ലാദേശ് ഇടക്കാല സർക്കാർ, ഇന്ത്യക്ക് കത്ത് നൽകി

ധാക്ക: ആഭ്യന്തര കലാപത്തെ തുടർന്ന് പ്രധാനമന്ത്രി സ്‌ഥാനത്തു നിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയെ രാജ്യത്ത് മടക്കിയെത്തിക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ നിർണായക നീക്കം. ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യക്ക് കത്ത് നൽകി. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട 77 കാരിയായ ഹസീന ഓഗസ്റ്റ് 5 മുതൽ ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുകയാണ്.

ധാക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐസിടി) ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സൈനിക, സിവിൽ ഉദ്യോഗസ്ഥർ എന്നിവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് സർക്കാറിന്റെ നടപടി. നീതിന്യായ പ്രക്രിയയ്ക്കായി ഹസീനയെ തിരികെ കൊണ്ടുവരാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യക്ക് നൽകിയ നയതന്ത്ര കുറിപ്പിൽ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈൻ അറിയിച്ചു.

ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടാൻ സൗകര്യമൊരുക്കാൻ തന്റെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലമും അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide