ധാക്ക: ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിച്ച ബംഗ്ലാദേശിലെ കലുഷിതമായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്, സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്. അവരുടെ ത്യാഗങ്ങള്‍ രാജ്യത്തിന് ‘രണ്ടാം സ്വാതന്ത്ര്യം’ കൊണ്ടുവന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 84 കാരനായ യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് രാത്രിയോടെ അധികാരത്തിലേറുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ രാജ്യത്ത് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ധാക്കയിലെ വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച അദ്ദേഹം ”ഇന്ന് ഞങ്ങള്‍ക്ക് അഭിമാനകരമായ ദിവസമാണെന്നും പ്രതികരിച്ചു.
കുറഞ്ഞത് 455 പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിന് ആഴ്ചകള്‍ക്ക് ശേഷം ക്രമസമാധാന നില പുനഃസ്ഥാപിക്കണമെന്ന് യൂനുസ് ആഹ്വാനം ചെയ്തു. ആക്രമണത്തിനിരയായ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ പരസ്പരം സംരക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ക്രമസമാധാനം പുനസ്ഥാപിക്കുകയാണ് തങ്ങളുടെ പ്രഥമ കര്‍ത്തവ്യമെന്നും അല്ലെങ്കില്‍ നമുക്ക് ഒരു ചുവടുപോലും മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടെങ്കില്‍, രാജ്യത്ത് എവിടെയും ആര്‍ക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക’, എന്ന് പൗരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. മാത്രമല്ല, ‘എല്ലാ വ്യക്തികളും നമ്മുടെ സഹോദരങ്ങളാണെന്നും അവരെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ചുമതലയെന്നും ബംഗ്ലാദേശ് മുഴുവന്‍ ഒരു വലിയ കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.