ബംഗ്ലാദേശില്‍ കര്‍ഫ്യൂ, പ്രതിഷേധത്തില്‍ 105 പേര്‍ കൊല്ലപ്പെട്ടു; സൈന്യത്തെ വിന്യസിച്ചു

ധാക്ക: തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളിലേക്ക് ബംഗ്ലാദേശ്. രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി പ്രതിഷേധത്തില്‍ 105 പേര്‍ കൊല്ലപ്പെട്ടതിനാല്‍ സൈന്യത്തെ വിന്യസിച്ച് കാര്യങ്ങള്‍ വരുതിക്കാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
അധികാരികളെ സഹായിക്കാന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സൈന്യത്തെ വിന്യസിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി ഹസീനയുടെ പ്രസ് സെക്രട്ടറി നയീമുല്‍ ഇസ്ലാം ഖാന്‍ എഎഫ്പിയോട് പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രകടനക്കാരും പൊലീസും തമ്മിലുള്ള ഈ ആഴ്ചയിലെ ഏറ്റുമുട്ടലില്‍ കുറഞ്ഞത് 105 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചകളോളം രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധം നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ബംഗ്ലാദേശ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും സൈനിക സേനയെ വിന്യസിക്കുകയും ചെയ്തത്.

പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അടിയന്തര രാജി ഞങ്ങള്‍ക്ക് ആവശ്യമാണ്. കൊലപാതകങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണ് എന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. മധ്യ ബംഗ്ലാദേശ് ജില്ലയായ നര്‍സിംഗ്ഡിയിലെ ജയിലില്‍ വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ ഇരച്ചുകയറുകയും തലവുകാരെ മോചിപ്പിക്കുകയും ജയിലിന് തീയിടുകയും ചെയ്തിരുന്നു.

രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത് വിദേശവിദ്യാര്‍ത്ഥികള്‍ക്കടക്കം വലിയ വെല്ലുവിളിയായി. ഇന്ത്യയില്‍ നിന്നുള്ള 300 ഓളം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം തിരിച്ചെത്തി.

1971 ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന് എതിരെയാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ധാക്കയിലെ യൂണിവേഴ്സിറ്റി ക്യാംപസില്‍ ആരംഭിച്ച സംഘര്‍ഷം രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു. ധാക്കയിലെ പബ്ലിക് യൂണിവേഴ്സിറ്റില്‍ ഒറ്റ രാത്രികൊണ്ടാണ് സംഘര്‍ഷം ഉടലെടുത്തത്.

More Stories from this section

family-dental
witywide