ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. ബംഗ്ലാദേശ് കോടതിയുടേതാണ് ഉത്തരവ്. നവംബർ 18നുള്ളില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിർദേശം. ബംഗ്ലാദേശിലെ ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് പ്രോസിക്യൂട്ടറെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസാണ് ഇത്റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു.
ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോർട്ടുകള്‍. ശേഷം പൊതുവേദികളില്‍ ഹസീന പ്രത്യക്ഷപ്പെട്ടില്ല. ന്യൂഡല്‍ഹിക്കടുത്തുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായാണ് ഹസീനയ്ക്കെതിരായ ആരോപണം.
Bangladesh issues arrest warrant against Sheikh Hasina