രാജിക്ക് പിന്നാലെ ഷേഖ് ഹസീന ദില്ലിയിൽ, ലണ്ടനിലേക്ക് പോകുമെന്ന് സൂചന; ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി മോദി

ദില്ലി: സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന രാജിവച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ദില്ലി വിമാനത്താവളത്തിൽ സൈനിക വിമാനത്തിലിറങ്ങിയ ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന. സംവരണ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷ കലാപമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടത്. സഹോദരിക്കൊപ്പം സൈനിക വിമാനത്തിലാണ് ഇവർ രാജ്യം വിട്ടത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെങ്കിലും ഇന്ത്യയിൽ അഭയം നല്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഷെയ്ക് ഹസീന ബെലറൂസിലേക്കോ ലണ്ടനിലേക്കോ പോയെന്നുള്ള റിപ്പോർട്ടുകൾക്കിടെയാണ് ദില്ലിയിൽ സൈനിക വിമാനമിറങ്ങിയത്. എന്നാൽ ഹസീന എപ്പോൾ ലണ്ടനിലേക്ക് പോകുമെന്നകാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.

അതിനിടെ ബംഗ്ലാദേശ് കലാപവും ഹസീനയുടെ രാജിവയ്ക്കലുമടക്കമുള്ള സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. അതിർത്തി രാജ്യമായ ഇന്ത്യക്ക് ഏതെങ്കിലും തരത്തിൽ ബംഗ്ലാദേശിലെ പ്രക്ഷോഭം ഭീഷണി ഉയർത്തുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് മോദി വിലയിരുത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി പ്രധാനമന്ത്രി ബംഗ്ലാദേശ് സാഹചര്യം ചർച്ച ചെയ്തു.അതിനിടെ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനനടക്കം കേന്ദ്ര സർക്കാർ സുരക്ഷ കൂട്ടി. ഹൈക്കമ്മീഷനു മുന്നിലെ എല്ലാ ഗേറ്റുകളും ബാരിക്കേഡ് കൊണ്ട് അടച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരേയും പ്രദേശത്ത് വിന്യസിക്കും. സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കിയിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യാക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ – +8801958383679, +8801958383680, +8801937400591.

അതേസമയം ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പോരാട്ടമാണ് ഷെയ്ഖ് ഹസിനയുടെ പതനത്തിൽ കലാശിച്ചത്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ദിവസങ്ങളായി അക്രമാസക്തമായിരുന്നു. ഹസീനയുടെ രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിൽ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ ഇന്നലെ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide