150 ജീവനെടുത്ത പ്രക്ഷോഭം, ഒടുവിൽ ബംഗ്ലാദേശിലെ വിവാദ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കി

ധാക്ക: 150 ലധികം പേരുടെ ജീവനെടുത്ത പ്രക്ഷോഭത്തിനു പിന്നാലെ ബംഗ്ലാദേശിലെ വിവാദമായ സംവരണ നിയമം സുപ്രീംകോടതി റദ്ദാക്കി. സർക്കാർ ജോലികളിൽ 93 ശതമാനവും മെറിറ്റ് അധിഷ്ഠിതമായിരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബംഗ്ലാദേശിൽ പുതിയ സംവരണ നിയമം നിലവിൽ വന്നതിന് പിന്നാലെ വിദ്യാർത്ഥി സംഘടനകളുടെ നേതത്വത്തിൽ വൻ പ്രക്ഷോഭം ആണ് അരങ്ങേറിയത്. പ്രക്ഷോഭകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 150 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർണായകമായ ഇടപെടൽ.

പുതിയ സംവരണ നിയമം റദ്ദാക്കിയ സുപ്രീം കോടതി, തൊഴിൽ മേഖലയിൽ 93 ശതമാനം മെറിറ്റ് അധിഷ്ഠിതവും 5 ശതമാനം സംവരണം സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്കും 2 ശതമാനം സംവരണം ട്രാൻസ്‌ജെൻഡർ, ഭിന്നശേഷിക്കാർ, തുടങ്ങിയ വിഭാഗക്കാർക്കുമായിരിക്കണമെന്നും ഉത്തരവിട്ടു. 1971 ൽ പാകിസ്താനെതിരായ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് ജോലിയിൽ 30 % സംവരണം അനുവദിച്ച നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശിൽ പ്രതിഷേധം കത്തിയത്. ക്വാട്ട സമ്പ്രദായം വിവേചനപരവും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികൾക്ക് പ്രയോജനകരവുമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

അതേസമയം പുതിയ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കിയതോടെ പ്രക്ഷോഭവും കെട്ടടങ്ങിയിട്ടുണ്ട്. ഷെയ്ഖ് ഹസീന സർക്കാർ രാജ്യ വ്യാപകമായി ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും.

More Stories from this section

family-dental
witywide