ബംഗ്ലാദേശ് ഗവൺമെൻ്റിൻ്റെ ഭാവി ബംഗ്ലാദേശി ജനത തീരുമാനിക്കണം; പ്രതികരണവുമായി യുഎസ്

വാഷിംഗ്ടൺ: ക്വോട്ട വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് അരാജകത്വത്തിലേക്ക് നീങ്ങിയ ബംഗ്ലാദേശിൽ ജനാധിപത്യ തത്വങ്ങൾക്കും നിയമവാഴ്ചയ്ക്കും ബംഗ്ലാദേശി ജനതയുടെ ഇച്ഛായ്ക്കും അനുസൃതമായി ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് ബൈഡൻ ഭരണകൂടം.

“ബംഗ്ലാദേശ് ഗവൺമെൻ്റിൻ്റെ ഭാവി ബംഗ്ലാദേശി ജനത തീരുമാനിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ തൻ്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രഹസ്യമായി രാജിവച്ച് സൈനിക വിമാനത്തിൽ രാജ്യം വിട്ടതോടെ ബംഗ്ലാദേശ് സമ്പൂർണ അരാജകത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഹസീന രാജ്യംവിട്ട വാർത്ത പ്രചരിച്ചതോടെ, നൂറുകണക്കിനാളുകൾ അവരുടെ വസതിയിൽ അതിക്രമിച്ച് കയറി, അകത്തളങ്ങൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളിൽ 300-ലധികം ആളുകൾ കൊല്ലപ്പെട്ട സർക്കാർ വിരുദ്ധ പ്രതിഷേധം കൂടുതൽ നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

അമേരിക്ക സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അക്രമം അവസാനിപ്പിക്കാനും കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഭവിച്ച മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുന്നതായും മില്ലർ പത്രസമ്മേളനത്തിൽ പറഞ്ഞു.

“നടപടികൾ ബംഗ്ലാദേശ് നിയമപ്രകാരം നടക്കേണ്ട കാര്യമാണ്. വ്യക്തമായും, അക്രമ പ്രവർത്തനങ്ങൾക്കും നിയമം ലംഘിക്കുന്ന പ്രവൃത്തികൾക്കും ഉത്തരവാദികൾ ആരായാലും അവർക്കെതിരെ നടപടി സ്വീകരിക്കണം,” അദ്ദേഹം പറഞ്ഞു.

ഷെയ്ഖ് ഹസീന അമേരിക്കയിൽ അഭയം തേടിയിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്ന് മില്ലർ മറുടി പറഞ്ഞു.