ധാക്ക: സര്‍ക്കാര്‍ ജോലി സംവരണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 32 പേര്‍ ഇതുവരെ മരണപ്പെട്ടു. സംഘര്‍ഷം ശാന്തമാക്കാന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ടിവിയില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശ് വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച രാജ്യത്തെ ടിവി ആസ്ഥാനത്തിന് തീയിട്ടു. കെട്ടിടത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഡസന്‍ കണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു.
ധാക്കയിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ആരംഭിച്ച സംഘര്‍ഷം രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു. ധാക്കയിലെ പബ്ലിക് യൂണിവേഴ്‌സിറ്റില്‍ ഒറ്റ രാത്രികൊണ്ടാണ് സംഘര്‍ഷം ഉടലെടുത്തത്.
1971 ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന് എതിരെയാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം, തീ പടര്‍ന്നപ്പോള്‍ നിരവധി ആളുകള്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ചാനല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു, എന്നാല്‍ പിന്നീട് സുരക്ഷിതമായി കെട്ടിടത്തിലുള്ളവരെ ഒഴിപ്പിക്കുകയായിരുന്നു. ടെലിവിഷന്‍ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
രാജ്യത്തെ ക്രമസമാധാന നില മോശമായിക്കൊണ്ടിരിക്കെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ ഹസീനയുടെ സര്‍ക്കാര്‍ ഉത്തരവിട്ടു. അതേസമയം, ബംഗ്ലാദേശില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈല്‍ ഇന്റര്‍നെറ്റ് റദ്ദാക്കാന്‍ ഉത്തരവിട്ടതായി ടെലികമ്മ്യൂണിക്കേഷന്‍ സഹമന്ത്രി വ്യക്തമാക്കി.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് 1,000 ത്തോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി, പലര്‍ക്കും റബ്ബര്‍ ബുള്ളറ്റ് മുറിവുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ധാക്കയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തന്റെ റിപ്പോര്‍ട്ടര്‍മാരിലൊരാളായ മെഹെദി ഹസന്‍ കൊല്ലപ്പെട്ടതായി ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സിയായ ധാക്ക ടൈംസിലെ ദിദാര്‍ മാലെകിന്‍ പറഞ്ഞു.