ന്യൂഡല്‍ഹി: നിരന്തരമായ കളിയാക്കലുകള്‍ക്കൊടുവില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ ഉത്തര്‍പ്രദേശില്‍ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ആക്സിസ് ബാങ്കില്‍ ജോലി ചെയ്യുന്ന 27 വയസുള്ള ശിവാനി ത്യാഗിയാണ് 6 മാസമായി ബോഡിഷെയിമിംഗിന് ഇരയായി ആത്മഹത്യ ചെയ്തത്.
നോയിഡ ആസ്ഥാനമായുള്ള ആക്സിസ് ബാങ്കിന്റെ ശാഖയില്‍ റിലേഷന്‍ഷിപ്പ് മാനേജരായിരുന്നു ശിവാനി ത്യാഗി. കഴിഞ്ഞ വെള്ളിയാഴ്ച ഗാസിയാബാദിലെ വീട്ടില്‍ വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ശിവാനിയുടെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. അഞ്ച് പേരുടെ പേരുകളാണ് അവര്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്, അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സഹപ്രവര്‍ത്തകര്‍ ജോലിസ്ഥലത്തുവെച്ച് നിരന്തരം കളിയാക്കാറുണ്ടായിരുന്നുവെന്നും മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ഗാസിയാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഗ്യാനഞ്ജയ് സിംഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതി ജോലിസ്ഥലത്തുവെച്ച് അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും ഭീഷണി നേരിട്ടിട്ടുണ്ടെന്നും കരുതുന്നതായി പൊലീസ് പറയുന്നു.
ജോലിസ്ഥലത്ത് നേരിട്ട പ്രശ്‌നങ്ങളൊന്നും ആദ്യം ശിവാനി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സഹിക്കാനാകാതെ വന്നതോടെ വീട്ടുകാരോട് പറഞ്ഞു. പിന്നീടാണ് ആത്മഹത്യ ചെയ്തത്. ശിവാനിയുടെ ചില സഹപ്രവര്‍ത്തകര്‍ അവളുടെ ഡ്രസ്സിംഗ് സെന്‍സ്, ഭക്ഷണ ശീലങ്ങള്‍, അവളുടെ സംസാര രീതി എന്നിവയെക്കുറിച്ചൊക്കെ പരിഹസിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ ഗൗരവ് ത്യാഗി പറഞ്ഞു. പലതവണ പരാതിപ്പെട്ടിട്ടും ആരും നടപടിയെടുത്തില്ലെന്ന് ശിവാനിയുടെ കുടുംബം ആരോപിച്ചു.