ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ ഒമാമയ്ക്കും പെലോസിയ്ക്കും ആശങ്ക; ‘രഹസ്യമായി ചർച്ച നടത്തി’

ബരാക് ഒബാമയും നാൻസി പെലോസിയും പ്രസിഡൻ്റ് ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സ്വകാര്യമായി ചർച്ച ചെയ്യുകയും ഡൊണാൾഡ് ട്രംപിനെതിരെ 2024 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് സിഎൻഎൻ റിപ്പോർട്ട്. ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചകളും ദുർബലതകളും ഇരു നേതാക്കളെയും അലട്ടുന്നുണ്ടെന്നും എന്തു ചെയ്യണമെന്നതിൽ രണ്ടുപേർക്കും വ്യക്തതയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിൽ തുടരുമെന്നും ട്രംപിനെ പരാജയപ്പെടുത്തുമെന്നുമുള്ള ബൈഡന്റെ തീരുമാനത്തിൽ ഡെമോക്രാറ്റുകൾക്കിടയിൽ വിയോജിപ്പ് നിലനിന്നിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ ഭിന്നത പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അംഗങ്ങൾ. സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറും ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസുമായുള്ള ബൈഡന്റെ ബന്ധത്തിന് വിള്ളൽ വന്നുവെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, ഒബാമയോടും പെലോസിയോടും വിഷയത്തിൽ ഇടപെടാൻ പാർട്ടിക്കുള്ളിൽ നിന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

“പ്രസിഡൻ്റ് ബൈഡൻ സ്വന്തമായി ഒരു തീരുമാനത്തിലെത്തുന്നത് അവർ വീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു,” പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് സിഎൻഎന്നിനോട് പറഞ്ഞു.

ഒബാമയോടും പെലോസിയോടും അടുപ്പമുള്ള ഒരു ഡസനിലധികം കോൺഗ്രസ് അംഗങ്ങളുമായും വ്യക്തികളുമായും സിഎൻഎൻ അഭിമുഖം നടത്തി. ബൈഡൻ്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കാനുള്ള സമീപകാല ശ്രമങ്ങൾക്കിടയിലും, പ്രചാരണം അതിൻ്റെ അവസാനത്തോടടുക്കുമെന്ന് അവർ അഭിപ്രായപ്പെടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ ഒബാമയും പെലോസിയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നു.

പെലോസി, മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡനെ ഉപദേശിക്കുകയാണെങ്കിൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് പെലോസിയുടെ സഹപ്രവർത്തകർ വിശ്വസിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഒബാമയുടെ പരസ്യമായ മൗനം മൂലം പല ഡെമോക്രാറ്റുകൾക്കും അദ്ദേഹം തങ്ങളെ കൈവിട്ടോ എന്ന ആശങ്കയുണ്ട്.