ന്യൂയോർക്ക്: അമേരിക്കൻ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുറത്തുവരുന്ന സർവെ ഫലങ്ങളിൽ കമല ഹാരിസ് തിരിച്ചടി നേരിടുമ്പോൾ ഡെമോക്രാറ്റ് ക്യാമ്പിൽ ആശങ്ക നിറയുകയാണ്. തിരിച്ചടി നേരിടുന്നതിന്‍റെ പ്രധാനകാരണം തെരഞ്ഞെടുപ്പിൽ നിർണായകമായ കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ കമലക്ക് സ്വാധീനം ഉണ്ടാക്കാനായിട്ടില്ലെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡൻ്റുമായ കമല ഹാരിസിന് ആദ്യ ഘട്ടത്തിൽ നേടിയ മുൻതൂക്കം നഷ്ടമാകുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്. കറുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ട്രംപിനാകട്ടെ പിന്തുണയേറുന്നതായും സൂചനകളുണ്ട്.
ഇതോടെ കമലക്ക് വേണ്ടിയുള്ള പ്രചാരണം മുൻ പ്രസിഡന്‍റ് ബറാക്ക് ഒബാമ നേരിട്ട് നയിക്കുകയാണ്. ഒബാമ കൂടുതൽ സജീവമായി പ്രചരണ രംഗത്തെത്തിയതോടെ കമലക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഡെമോക്രാറ്റ് ക്യാമ്പിന്‍റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം കമലക്കൊപ്പം ഒബാമ പ്രചരണ വേദികളിൽ എത്തിയിരുന്നു. ട്രംപിന്‍റെ തിരിച്ചുവരവ് അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് ഒബാമ നൽകുന്നത്.
നേരത്തെ പ്രചരണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ കമല ഹാരിസിന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആവേശം പോരെന്ന് ബരാക്ക് ഒബാമ മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ അഞ്ചിന് നടക്കുന്ന അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബർ 11 ന് കമല ഹാരിസിനായി പെൻസിൽവാനിയയിൽ നടന്ന പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഒബാമയുടെ മുന്നറിയിപ്പ്. കമലയുടെ പ്രചരണം കറുത്ത വംശജർക്കിടയിൽ ഏൽക്കുന്നില്ലെന്ന് തുറന്നടിച്ച് ഒബാമ അവരോട് കമലക്ക് വേണ്ടി അന്ന് നേരിട്ട് വോട്ട് ചോദിക്കുകയും ചെയ്തു. ഒബാമയുടെ മുന്നറിയിപ്പ് ശരിവക്കുന്നതാണ് പുതിയ സർവെഫലങ്ങൾ എന്നാണ് വ്യക്താകുന്നത്. ഇതോടെയാണ് ഒബാമ കൂടുതൽ സജീവമായി കമലക്ക് വേണ്ടി രംഗത്തിറങ്ങിയത്.
Obama urges black men to mobilise behind Harris