വാഷിംഗ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാനുള്ള ജോ ബൈഡന്റെ തീരുമാനത്തെ പ്രശംസിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇത് ബൈഡന്റെ രാജ്യസ്‌നേഹത്തിന്റെ തെളിവാണെന്നാണ് ഒബാമ പറയുന്നത്.
ബൈഡന് വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായും ഒബാമ വ്യക്തമാക്കി.
‘അന്താരാഷ്ട്ര തലത്തില്‍, അദ്ദേഹം ലോകത്ത് അമേരിക്കയുടെ സ്ഥാനം പുനഃസ്ഥാപിച്ചു, നാറ്റോയെ പുനരുജ്ജീവിപ്പിച്ചു, ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തിനെതിരെ നിലകൊള്ളാന്‍ ലോകത്തെ അണിനിരത്തി എന്നതടക്കം ചൂണ്ടിക്കാട്ടി 81 കാരനായ ബൈഡനെ ഒബാമ പ്രശംസിച്ചു.
വരാനിരിക്കുന്ന ദിവസങ്ങളില്‍ കാര്യങ്ങള്‍ അല്‍പം സങ്കീര്‍ണമാണെന്ന് സൂചിപ്പിച്ച ഒബാമ, ബൈഡന് പകരം ഒരു മികച്ച നോമിനി ഉയര്‍ന്നുവരുമെന്നും അതിനായി തങ്ങളുടെ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കി.
ആഴ്ചകള്‍ക്കുമുമ്പ് ട്രംപുമായി നടത്തിയ സംവാദത്തോടെയാണ് ബൈഡന്റെ പിന്മാറ്റത്തിനായി ഇത്രയധികം ആവശ്യം ഉയര്‍ന്നത്. ട്രംപിനെ പരാജയപ്പെടുത്താന്‍ ബൈഡന് ആവില്ലെന്നും പിന്മാറണമെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും ആവശ്യം ഉയര്‍ന്നു. അക്കൂട്ടത്തില്‍ ഒബാമയും ബൈഡന്റെ പിന്മാറ്റം ആവശ്യപ്പെട്ടിരുന്നു.