ബൈഡൻ തൻ്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് പുനർ വിചിന്തനം ചെയ്യണം: മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ

ജോ ബൈഡൻ തൻ്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് പുനർ വിചിന്തനം ചെയ്യണമെന്ന് മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ പരസ്യമായി പറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ബൈഡൻ്റെ വിജയ സാധ്യത കുറഞ്ഞുവെന്നും 81 കാരനായ അദ്ദേഹം തൻ്റെ സ്ഥാനാർത്ഥിത്വം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും ഒബാമ വിശ്വസിക്കുന്നതായി അദ്ദേഹത്തിന് അടുപ്പമുള്ളവരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസം മുൻപ് ഒബാമയും മുൻ സ്പീക്കർ നാൻസി പെലോസിയും ബൈഡൻ്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് പരസ്യമായി അല്ലെങ്കിലും ആശങ്കപ്പെടുന്നു എന്ന വാർത്ത സിഎൻഎൻ പുറത്തുവിട്ടിരുന്നു.

ഡോണൾഡ് ട്രംപുമായി നടത്തിയ സംവാദത്തിലെ മോശം പ്രകടനത്തെത്തുടർന്ന് ബൈഡൻ പുറത്തുപോകണം എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം ഡെമോക്രാറ്റിക് പാർട്ടിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യമുണ്ട്. ആ ആവശ്യം ഉന്നയിക്കുന്ന പാർട്ടിയിലെ ഏറ്റവും ശക്തനായ നേതാവാണ് ഒബാമ.

ഡെലവെയറിലെ തൻ്റെ ബീച്ച് ഹൗസിൽ കൊവിഡുമായി ഒറ്റപ്പെട്ട് കഴിയുന്ന ബൈഡൻ ഒബാമയുടെ അഭിപ്രായത്തെ എങ്ങനെ സ്വീകരിക്കും എന്നറിയില്ല.

തൻ്റെ പ്രായത്തെയും ശാരീരികക്ഷമതയെയും കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളയുകയും വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തിൽ താൻ തുടരുകയാണെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തിരിക്കുകയായിരുന്നു ബൈഡൻ. എന്നാൽ വധശ്രമത്തിനു ശേഷം ട്രംപിനു ലഭിക്കുന്ന വർധിച്ച പിന്തുണ കൂടി കണക്കിലെടുക്കുമ്പോൾ . ഡെമോക്രാറ്റുകൾ ബൈഡനു മേൽ സമ്മർദം ശക്തമാക്കുകയാണ്.

Barack Obama Wants Biden To quit from US Presidential Race