പവാർ കുടുംബത്തിലെ പവർഫുൾ ആരാണ്? മകളോ മരുമകളോ? ഇതിനുത്തരം ബാരാമതി പറയും

ബാരാമതി – മഹാരാഷ്ട്രയിലെ പുനെയ്ക്ക് അടുത്ത് കരിമ്പുപാടങ്ങളും മുന്തിരിത്തോപ്പുകളും വൈനറികളും സമ്പന്നമാക്കിയ ദേശം. അതിലുപരി പവാർ കുടുംബത്തിൻ്റെ തട്ടകം. 50 വർഷത്തിലേറെയായി പവാർ കുടുംബം അടക്കി വാഴുന്ന കോട്ട. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായ ശരത് പവാർ എന്ന വൻ മരത്തിന്റെ തണലിൽ വളർന്ന ബാരമതി പക്ഷേ ഇത്തവണ വളരെ വ്യത്യസ്തമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

2009 മുതൽ ബാരമതിയിലെ എംപിയും ശരത് പവാറിൻ്റെ മകളുമായ സുപ്രിയ സുലെയാണ് ശരത് പവാറിൻ്റെ പാർട്ടിയുടെ സ്ഥാനാർഥി. നാലാം തവണയും ബാരാമതിയിൽ വോട്ടു തേടി ഇറങ്ങുന്ന സുപ്രിയയെ നേരിടുന്നത് ശരത് പവാറിൻ്റെ അനുജൻ്റെ മകനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ. ഈ രണ്ട് സ്ത്രീകൾക്ക് അപ്പുറം ഇത് പവാർ കുടുംബത്തിനുള്ളിലെ ഉൾപ്പോരും മറാത്ത രാഷ്ട്രീയത്തിലെ മാറിമറിയുന്ന സമവാക്യങ്ങളുടെ ഫലശ്രുതിയും വെളിവാക്കുന്ന പോരാട്ടമാണ്.

മകളെ ജയിപ്പിക്കേണ്ടത് ശരദ് പവാറിന്റെയും ഭാര്യയെ ജയിപ്പിക്കേണ്ടത് സഹോദരപുത്രനായ അജിത്തിന്റെയും അഭിമാനപ്രശ്നമാണ്. മുമ്പ് ബാരാമതിയിൽ സുപ്രിയ മത്സരിച്ചപ്പോളെല്ലാം പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്നത് ആങ്ങളയായ അജിത് പവാറായിരുന്നു. ഇത്തവണ അതില്ല എന്നു മാത്രമല്ല അദ്ദേഹം ശത്രുപക്ഷത്തുമാണ്. അതിനാൽ തന്നെ 84 വയസ്സുള്ള ശരദ് പവാർ നേരിട്ടിറങ്ങിയിരിക്കുകയാണ് ബാരാമതിയിൽ . 1967മുതൽ അദ്ദേഹം ബാരാമതിയുടെ വോട്ടുചരിത്രത്തിലുണ്ട്. 1940 ൽ ബാരാമതിയുടെ മണ്ണിലാണ് അദ്ദേഹം ജനിച്ചതും. പവാർ കുടുംബം ബരാമതിയിലെ അതിശക്തരാണ്. കുടുംബാംഗങ്ങൾ തന്നെ ഒട്ടേറെപ്പേരുണ്ട് അവിടെ.

15 വർഷമായി ബാരാമതിയെ പ്രതിനിധീകരിച്ച സുപ്രിയ പക്ഷേ ഇത്തവണ ബാരാമതി കടക്കുമോ?

പ്രതിപക്ഷത്തെ അതിശക്തനായ രാഷ്ട്രതന്ത്രജ്ഞനായ ശരദ് പവാറിനെ വരുതിയിലാക്കാൻ ബിജെപി പല മാർഗങ്ങൾ പയറ്റിയിരുന്നു. ഒരു വേള ,പവാറിൻ്റെ എൻസിപി എൻഡിഎ സഖ്യത്തിലേക്ക് പോവുന്നു എന്നു വരെ വ്യാപക വാർത്തകളുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. പകരം ബിജെപി പിടിച്ചത് പവാറിൻ്റെ വിശ്വസ്തനും സഹോദരൻ ശ്രീനിവാസ് പവാറിൻ്റെ മകനുമായ അജിത്തിനെ. ഇഡിയുടെ ഭീഷണിയും അധികാരത്തിന്റെ അപ്പവും വച്ചു നീട്ടിയപ്പോൾ അജിത് ബിജെപി പാളയത്തിലെത്തി. ശരത് പവാറിന്റെ പാർട്ടിയെ തന്നെ പിളർത്തി. യഥാർഥ എൻസിപി സ്വന്തം പേരിലാക്കി.

ബി.ജെ.പി. അജിത് പവാറിന്റെ ഭാര്യയെ മത്സരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതും ശരദ് പവാറിനെ ബാരാമതിയിൽ തളച്ചിടാനാണ്.

ബാരാമതിയിലെ വിവിധ സാമൂഹികസംഘടനകളെ കൂടെനിർത്താൻ ശരദ് പവാർ ശ്രമംതുടങ്ങി. അജിത് പവാറിന്റെ സഹോദരൻ ശ്രീനിവാസ് പവാർ ശരദ് പവാറിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അജിത് പവാറിനെ ശ്രീനിവാസ് പവാർ കുടുംബവഞ്ചകൻ എന്നാണ് വിശേഷിപ്പിച്ചത്. ഇത്ര വലിയ തിരിച്ചടി ശരദ് പവാർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തലമുതിർന്ന ആ നേതാവ് തന്നെ കളത്തിലിറങ്ങിയിരിക്കുകയാണ്.

എൻസി.പി.യെ പിളർത്തി ഉപമുഖ്യമന്ത്രിയായ അജിത് പവാർ, ബി.ജെ.പി.യുടെയും ഏക്നാഥ് ഷിന്ദേയുടെ ശിവസേനയുടെയും സഹായത്തോടെ സുലെയെ പരാജയപ്പെടുത്താനുള്ള ശക്തമായ പ്രവർത്തനത്തിലാണ്.

സുനേത്ര പവാർ അജിത്തിന്റെ ഭാര്യ എന്നതിനപ്പുറം ബാരാമതിയിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയാണ്. അവരുടെ സഹോദരൻ പദംസിംഗ് പട്ടീൽ ശരദ് പവാറിന്റെ സുഹൃത്തും മഹാരാഷ്ട്ര മന്ത്രിയുമായിരുന്നു. 39 വർഷമായി അജിത്തിന്റെ ജീവിതസഖിയാണ് ഈ 60 വയസ്സുകാരി. രാഷ്ട്രീയം അവർക്ക് പുത്തരിയല്ല. അജിത്തിനെ കൂടാതെ മൂത്ത മകൻ പാർഥ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു. പക്ഷേ വിജയിച്ചില്ല. വാക്ധോരണികൊണ്ട് മനസ്സുകളെ കീഴടക്കാനുള്ള വൈഭവം സുനേത്രയ്ക്കില്ലെങ്കിലും ഹൃദ്യമായ പെരുമാറ്റവും പുഞ്ചിരിയും കൊണ്ട് സാധാരണക്കാരുടെ മനസ്സിൽ കയറാൻ ഇവർക്ക് സാധിക്കുന്നുണ്ട്. മറാത്തയിൽ മരുമകളെ വിളിക്കുക വാഹിനി എന്നാണ്. സുനേത്രയെ ബരാമതിക്കാർ എല്ലാവരും വിളിക്കുന്നത് അതേ പേരാണ്. എന്നാൽ അവരെല്ലാം അജിത് ദാദയുടെ ഭാര്യയ്ക്ക് വോട്ടു ചെയ്യുമോ ?

ദൗണ്ട്, ഇന്ദാപുർ, ബാരാമതി, പുരന്ദർ, ഭോർ, ഖഡക് വാസല എന്നീ ആറ് നിയമസഭാമണ്ഡലങ്ങളാണ് ബാരാമതി ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതിൽ ഇന്ദാപുർ, ബാരാമതി മണ്ഡലങ്ങൾ എൻ.സി.പി.ക്കൊപ്പവും ദൗണ്ട്, ഖഡക് വാസല മണ്ഡലങ്ങൾ ബി.ജെ.പി.ക്കൊപ്പവും പുരന്ദർ, ഭോർ മണ്ഡലങ്ങൾ കോൺഗ്രസിനൊപ്പവുമാണ്.

സുലെയെ പിന്തുണച്ച് കോൺഗ്രസ് എം.എൽഎ.യും മുൻമന്ത്രി അനന്ത്‌റാവുവിന്റെ മകനുമായ സംഗ്രാം തോപ്‌തെ പൊതുറാലി നടത്തിയിരുന്നു. അതിനു മുമ്പ് പവാർ തന്റെ ദീർഘകാല എതിരാളിയായ അനന്ത്‌റാവു തോപ്‌തെയുടെ വീട് സന്ദർശിച്ചു. ഏകദേശം 25 വർഷത്തിനുശേഷമാണ് രാഷ്ട്രീയത്തിൽ കടുത്ത എതിരാളികളായ ശരദ് പവാറും അനന്തറാവു തോപ്‌തെയും കണ്ടുമുട്ടിയത്.

പുരന്ദർ മണ്ഡലത്തിൽനിന്നുള്ള മുൻ എം.എൽ.എ.യും മുൻമന്ത്രിയും ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേന നേതാവുമായ വിജയ് ശിവ്താരെ ബാരാമതിയിൽനിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പിറകിലും പവാറിന്റെ കൈകളുണ്ടെന്നാണ് കരുതപ്പെടുന്നത്. ബാരാമതി ലോക്‌സഭാമണ്ഡലത്തിൽപ്പെടുന്ന എല്ലാ നിയമസഭാമണ്ഡലങ്ങളിലെയും ഭരണ-പ്രതിപക്ഷ കക്ഷികളിലെ പ്രധാന നേതാക്കളുമായി രഹസ്യമായും പരസ്യമായും പവാർ ചർച്ച നടത്തിക്കഴിഞ്ഞു. ഏത് എൻസിപിയാണ് പവർഫുൾ എന്ന് മെയ് ഏഴിന് ബാരാമതി വിധിയെഴുതും. കാത്തിരുന്നു കാണാം.

Baramathi Lok Sabha Constituency Election Analysis Supriya Sule And Sunetra Pawar

More Stories from this section

family-dental
witywide