‘നെതന്യാഹു സർക്കാർ പ്രാകൃതം’; ഇസ്രയേൽ പ്രധാനമന്ത്രിയുടെ യുഎസ് പ്രസംഗത്തിനെതിരെ പ്രിയങ്ക ഗാന്ധി; ‘ഗാസയിലേത് വംശഹത്യ’

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ഗാസയിലെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും വംശഹത്യയാണ് അവിടെ നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണത്തെ അപലപിക്കാന്‍ ലോകത്തിലെ എല്ലാ സര്‍ക്കാറുകളോടും അവര്‍ ആഹ്വാനം ചെയ്തു. നെതന്യാഹുവിന് യുഎസ് കോൺഗ്രസിൽ കയ്യടി ലഭിച്ചതിനെയും പ്രിയങ്ക വിമർശിച്ചു.

“പ്രതിദിനം ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാധാരണക്കാര്‍, അച്ഛനമ്മമാർ, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവർത്തകർ, അധ്യാപകര്‍, എഴുത്തുകാര്‍, കവികള്‍, മുതിര്‍ന്ന പൗരന്മാര്‍, ആയിരക്കണക്കിന് നിരപരാധികളായ കുട്ടികള്‍ എന്നിവര്‍ക്കുവേണ്ടി ശബ്ദിച്ചാല്‍ മാത്രം പോരാ. ഗാസയില്‍ വംശഹത്യയാണ് നടക്കുന്നത്. ഇസ്രയേല്‍ ഗവണ്‍മെന്റിന്റെ വംശഹത്യ നടപടികളെ അപലപിക്കുകയും അവരെ തടയാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നത് ശരിയായ ചിന്തിക്കുന്ന ഓരോ വ്യക്തിയുടെയും ധാര്‍മിക ഉത്തരവാദിത്തമാണ്. വിദ്വേഷത്തിലും അക്രമത്തിലും വിശ്വസിക്കാത്ത എല്ലാ ഇസ്രയേലി പൗരന്മാരും, ലോകത്തിലെ എല്ലാ സര്‍ക്കാരുകളും അതിനെതിരെ ശബ്ദിക്കണം.

നാഗരികതയും ധാര്‍മ്മികതയും പിന്തുടരേണ്ട കാലത്ത് ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല. യുഎസ് കോണ്‍ഗ്രസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കൈയടി കിട്ടിയത് പരിതാപകരമാണ്. ‘ക്രൂരതയും നാഗരികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍’ എന്നാണ് നെതന്യാഹു പറഞ്ഞത്. അത് തികച്ചും ശരിയാണ്, അദ്ദേഹവും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും പ്രാകൃതമാണ്, അവരുടെ പ്രാകൃതത്വത്തിന് പാശ്ചാത്യ ലോകത്തിന്റെ ഭൂരിഭാഗവും പിന്തുണ ലഭിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു,” പ്രിയങ്ക എക്‌സില്‍ കുറിച്ചു.

More Stories from this section

family-dental
witywide