മോസ്കോ ആക്രമണം: ഒരുത്തനെയും വെറുതെ വിടില്ലെന്ന് പുടിൻ, റഷ്യയിൽ ഇന്ന് ദേശീയ ദുഃഖാചരണ ദിനം

മോസ്‌കോ: നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിന് നേരെയുണ്ടായ ആക്രമണത്തെ ക്രൂരമായ ഭീകരപ്രവർത്തനം എന്ന് വിശേഷിപ്പിച്ച റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ആക്രമണത്തിൽ പങ്കാളികളായ എല്ലാവർക്കും കടുത്ത തിരിച്ചടി നൽകുമെന്ന് പ്രതിജ്ഞയെടുത്തു. ഉക്രെയിനിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് കുറ്റവാളികൾ പിടിയിലായതെന്നും പുടിൻ കൂട്ടിച്ചേർത്തു. മാർച്ച് 24ന് ദേശീയ ദുഖാചരണ ദിനമായി പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

“നിരപരാധികളെ വെടിവെച്ച് കൊന്ന തീവ്രവാദ പ്രവർത്തനത്തിലെ നാല് കുറ്റവാളികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവർ ഉക്രെയ്‌നിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു, പ്രാഥമിക വിവരം അനുസരിച്ച്, അവർക്ക് അതിർത്തി കടക്കാൻ ഒരു ഇടനാഴി ഉണ്ടായിരുന്നു. ഭീകരർക്കു പിന്നിൽ നിന്ന, ആക്രമണത്തിന് തയ്യാറായ എല്ലാവരെയും ഞങ്ങൾ കണ്ടെത്തി ശിക്ഷിക്കും,” റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കി.

മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന സംഗീതപരിപാടിയിലാണ് യന്ത്രത്തോക്കുമായി അക്രമികള്‍ ഇരച്ചുകയറി വെടിവെപ്പു നടത്തിയത്. കെട്ടിടത്തിന്‍റെ ചില ഭാഗങ്ങളില്‍ സ്ഫോടനമുണ്ടായി. പ്രശസ്ത റോക്ക് ബാന്‍ഡായ പിക്നിക്കിന്‍റെ സംഗീത പരിപാടിക്കായി 6500 പേരാണ് ടിക്കറ്റെടുത്തിരുന്നത്. സംഗീതപരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്പുണ്ടായത്. പ്രതിരോധ ആസ്ഥാനമായ ക്രെംലിനില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്ന ക്രോക്കസ് സിറ്റി ഹാള്‍.

More Stories from this section

family-dental
witywide