ബാൾട്ടിമോറിലെ പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കൂറ്റൻ ക്രെയിനുകൾ; പോർട്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി

വാഷിങ്ടൺ: ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നതിന് പിന്നാലെ അടച്ചിട്ട ബാൾട്ടിമോർ തുറമുഖം തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി അധികൃതർ. തകർന്ന് വീണ അവശിഷ്ടങ്ങൾ വെള്ളത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനായി കൂറ്റൻ ക്രെയിൻ വഹിച്ച് കൊണ്ടുള്ള കപ്പൽ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടമുണ്ടായതിന് പിന്നാലെ തുറമുഖത്തേക്ക് മറ്റ് കപ്പലുകൾ വരുന്നതും ഇവിടെയുണ്ടായിരുന്ന കപ്പലുകൾ പുറത്തേക്ക് പോകുന്നതുമെല്ലാം തടഞ്ഞിരുന്നു.

185 അടിയോളം താഴ്‌ച്ചയിലാണ് ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങൾ വീണ് കിടക്കുന്നത്. ഇവയെ പൂർണമായും നദിയിൽ നിന്ന് മാറ്റുക എന്ന ലക്ഷ്യത്തിലാണ് കൂറ്റൻ യന്ത്രങ്ങൾ എത്തിക്കുന്നത്.

തുറമുഖം എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലാണെന്ന് മുതിർന്ന വെറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ടോം പെരസ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ഹെവി ലിഫ്റ്റ് ക്രെയിൻ വെസ്സൽ സ്ഥലത്ത് നിലയുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലം പുനർനിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും ഭരണകൂടം വഹിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിട്ടുണ്ട്. തുറമുഖം അടച്ചിടുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അടക്കം പ്രതികൂലമായി ബാധിക്കുമെന്നത് മുന്നിൽ കണ്ട്, അതിവേഗത്തിൽ എല്ലാ പ്രവർത്തനങ്ങളും നടപ്പിലാക്കാനാണ് തീരുമാനം.

കാറുകളും ഹെവി ഫാം മെറ്റീരിയൽസും ഉൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ് ബാൾട്ടിമോർ. സാമ്പത്തിക ആഘാതം കുറയ്‌ക്കുന്നതിനായി മറ്റ് തുറമുഖങ്ങൾ വഴി അധിക ചരക്ക് എടുക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ നടത്തിയ ചർച്ചയിൽ തീരുമാനമായി.