കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറടക്കം ശനിയാഴ്ച 3 ന് നടക്കും. ഭൗതിക ശരീരം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയില്‍ നിന്ന് കോതമംഗലം ചെറിയ പള്ളിയില്‍ എത്തിക്കും. തുടര്‍ന്ന് അവിടെ പൊതു ദര്‍ശനത്തിന് വയ്ക്കും.
നാളെ രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാന കോതമംഗലം ചെറിയ പള്ളിയില്‍ നടക്കും. 9.30 ന് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേരും. തുടര്‍ന്ന് 10.30 ന് കബറടക്ക ശുശ്രൂഷയുടെ പ്രാരംഭ ക്രമങ്ങള്‍ ആരംഭിക്കും. ഉച്ച നമസ്‌കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് 2 മണിക്ക് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് 4 മണിയോടെ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭൗതികശരീരം എത്തിക്കും ശേഷം പൊതു ദര്‍ശനം.
നവംബര്‍ 2-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയര്‍ക്കാ സെന്റര്‍ കത്തീഡ്രലില്‍ വി. കുര്‍ബ്ബാന ഉണ്ടായിരിക്കും. 3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ക്രമങ്ങള്‍ ആരംഭിക്കും.
അതേസമയം, ശ്രേഷ്ഠ ബാവായുടെ വിയോഗത്തില്‍ യാക്കോബായ സഭ പള്ളികളിലും, പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം നടക്കും. സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപനങ്ങളില്‍ നവംബര്‍ 1, 2 തീയതികളില്‍ അവിടുത്തെ ക്രമീകരണങ്ങള്‍ അനുസരിച്ചു അവധി നല്‍കും. സഭയുടെ ദൈവാലയങ്ങളില്‍ പെരുന്നാളുകളും മറ്റ് പൊതു പരിപാടികളും നടക്കുന്നുണ്ടെങ്കില്‍ അത് ആഘോഷങ്ങള്‍ ഇല്ലാതെ നടത്തണമെണ് എന്ന് ഡോ. കുര്യാക്കോസ് മാര്‍ തേയോഫിലോസ് അറിയിച്ചു.