ന്യൂഡല്‍ഹി: വിമതസേന അധികാരം പിടിച്ചടക്കിയതോടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. യുകെയിലേക്ക് മടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതായി തുര്‍ക്കി, അറബ് മാധ്യമ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വിമതരെ ഭയന്ന് സിറിയ വിട്ട അസദും അസ്മയും റഷ്യയിലാണ് അഭയം പ്രാപിച്ചത്. റഷ്യയിലെ ജീവിതത്തില്‍ അസ്മ അതൃപ്തിയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യം വിടാന്‍ പ്രത്യേക അനുമതി ആവശ്യപ്പെട്ട് അസ്മ റഷ്യന്‍ കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഈ അപേക്ഷ നിലവില്‍ റഷ്യന്‍ അധികാരികളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. സിറിയന്‍ മാതാപിതാക്കളുടെ മകളായി 1975ല്‍ ലണ്ടനില്‍ ജനിച്ച അസ്മയ്ക്ക് ബ്രിട്ടീഷ്-സിറിയന്‍ ഇരട്ട പൗരത്വമുണ്ട്. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗില്‍ ജോലി ചെയ്തിരുന്ന അസ്മ, ലണ്ടനിലെ കിംഗ്സ് കോളേജില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദം നേടിയിരുന്നു. 2000ലാണ് അസ്മ ബാഷര്‍ അല്‍ അസദിനെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. സിറിയന്‍ കലാപം ആരംഭിച്ചതു മുതല്‍ മക്കള്‍ക്കൊപ്പം ലണ്ടനിലേക്ക് പോകാന്‍ അസ്മ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.